ഭരണഘടനാ ലംഘനമുണ്ടായാൽ ഗവർണറെ പുറത്താക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്ന് കേരളം

February 20, 2022
96
Views

തിരുവനന്തപുരം: ഭരണഘടനാ ലംഘനമുണ്ടായാൽ ഗവർണറെ പുറത്താക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്ന് കേരളം. കേന്ദ്ര- സംസ്ഥാന ബന്ധങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചുള്ള ജസ്റ്റിസ് പൂഞ്ചി കമ്മീഷൻ റിപ്പർട്ടിന്മേലാണ് കേരളം കേന്ദ്രത്തെ നിലപാട് അറിയിച്ചത്. ഗവർണ്ണറുമായുള്ള പോര് മുറുകിയിരിക്കെയാണ് രാജ്ഭവൻ്റെ വിവേചനാധികാരങ്ങൾ കുറക്കണമെന്ന് കേരളം ആവശ്യപ്പെടുന്നത്.

വിവിധ വിഷയങ്ങളിൽ സർക്കാറിനെ ഗവ‍ർണ്ണർ മുൾമുനയിൽ നിർത്തുമ്പോഴാണ് ഭരണഘടനാ ബാധ്യത നിറവേറ്റിയ്യിലെങ്കിൽ ഗവർണറെ പുറത്താക്കാൻ അധികാരം നൽകണമെന്ന ആവശ്യം കേരളം മുന്നോട്ട് വെക്കുന്നത്. ഗവർണ്ണറെ ഇംപീച്ച് ചെയ്യാനുള്ള സംവിധാനം ഇല്ലാത്തത് ഭരണഘടന മുന്നോട്ട് വെക്കുന്ന ആശയങ്ങൾക്കെതിരാണെന്നായിരുന്നു ജസ്റ്റിസ് മദൻ മോഹൻ പൂഞ്ചി കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശ. പാർലമെൻറ് സ്റ്റാൻഡിംഗ് കമ്മിറ്റി ഇത് തള്ളിയിരുന്നു.

എന്നാൽ കേരളം അന്തിമ റിപ്പോർട്ടിൽ ഗവർണ്ണർക്കെതിരായ നിലപാട് കടുപ്പിക്കുന്നു. ഭരണഘടനാ ലംഘനം. ചാൻസലർ പദവിയിലെ വീഴ്ചകൾ, പ്രോസിക്യൂഷൻ നടപടികളിലെ വീഴ്ചകൾ എന്നിവ ഉണ്ടായാൽ ഗവർണ്ണറെ പുറത്താക്കാൻ അനുമതി വേണമെന്നാണ് കേരളത്തിൻറെ ആവശ്യം. നിയമസഭകൾക്ക് ഇതിനുള്ള അധികാരം നൽകണം.

ഭരണഘടനാപരമായ മറ്റ് ബാധ്യതകൾ ഉള്ളതിനാൽ ഗവർണ്ണർ ചാൻസ്ലർ ആകണമെന്നില്ല, ഗവർണ്ണറെ നിയമിക്കും മുമ്പ് സംസ്ഥാനങ്ങളുമായി ആലോചിക്കണം ഇതിനായി ഭരണഘടനാ ഭേദഗതി വേണമെന്നും കേരളം ആവശ്യപ്പെടുന്നു. ഗവർണ്ണറുടെ വിവേചനാധികാരം നിജപ്പെടുത്തണം. സർക്കാർ നൽകുന്ന ബില്ലുകളിൽ ഗവർണ്ണറുടെ തീരുമാനം വൈകിപ്പിക്കരുതെന്നും കേരളം മുന്നോട്ട് വെയ്ക്കുന്നു.

അതേസമയം പ്രോസിക്യൂഷൻ അനുമതിക്ക് ഗവൺമെൻ്റ് സുപ്രീം കോടതി നിർദ്ദേശങ്ങൾ പാലിക്കണമെന്ന പൂഞ്ചി കമ്മീഷൻ ശുപാർശ കേരളം തള്ളി. മന്ത്രിസഭക്കാണ് പരമാധികാരമെന്നാണ് കേരളത്തിൻ്റെ നിലപാട്. ഒരു സംസ്ഥാനത്തുള്ളവർക്ക് ആ സംസ്ഥാനങ്ങളിൽ നിന്ന് മാത്രമേ രാജ്യസഭയിലേക്കെത്താനാകു എന്ന പൂഞ്ചി കമ്മീഷൻ ശുപാർശ കേരളം അംഗീകരിക്കുന്നില്ല.

2010 ലാണ് പൂഞ്ചി കമ്മീഷൻ റിപ്പോർട്ട് നൽകിയത്. ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണർമാരെ മാറ്റണമെന്നായിരുന്നു ശുപാർശ. ഈ റിപ്പോർട്ടിൽ കേന്ദ്രം സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയപ്പോൾ ഗവർണ്ണർ ചാൻസലർ ആകണമെന്നില്ലെന്ന് അന്നത്തെ ഉമ്മൻചാണ്ടി സർക്കാർ റിപ്പോ‍ർട്ടിനിമേൽ കേന്ദ്രത്തെ നിലപാട് അറിയിച്ചിരുന്നു. ചാൻസലർ പദവി ഗവർണറിൽ നിന്നും മാറ്റണമെന്ന ശുപാർശയെ പിന്തുണച്ചാണ് കത്തയച്ചത്.

ചാൻസലർ പദവിയിൽ നിന്നും ഗവർണറെ മാറ്റണമെന്ന കമ്മീഷൻ ശുപാർശയെ പിന്താങ്ങിയ കേരളം സർവകലാശാലകളിലെ നിയമനത്തെ ചൊല്ലി സർക്കാരിനും ഗവർണർക്കുമിടയിലെ ഉരസൽ ഒഴിവാക്കാൻ ശുപാർശ നടപ്പാക്കുന്നതാണ് നല്ലതെന്ന നിലപാടാണ് സ്വീകരിച്ചത്. വിഷയത്തില്‍ പാർലമെൻറ് സ്റ്റാൻഡിംഗ് കമ്മിറ്റി റിപ്പോർട്ടിലെ വിവിധ വിഷയങ്ങളിൽ വീണ്ടും സംസ്ഥാനങ്ങളുടെ അഭിപ്രായം തേടുകയായിരുന്നു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *