അരിക്കൊമ്ബന്‍ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നു

June 10, 2023
36
Views

ജനവാസമേഖലയില്‍ ഭീതി പരത്തിയതിനെ തുടര്‍ന്ന് ചിന്നക്കനാലില്‍ നിന്ന് പിടികൂടി പെരിയാര്‍ കടുവ സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്ബന്‍ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നു.

തിരുവനന്തപുരം: ജനവാസമേഖലയില്‍ ഭീതി പരത്തിയതിനെ തുടര്‍ന്ന് ചിന്നക്കനാലില്‍ നിന്ന് പിടികൂടി പെരിയാര്‍ കടുവ സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്ബന്‍ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നു.

ഇത് സംബന്ധിച്ച റേഡിയോ കോളര്‍ സന്ദേശം ലഭിച്ചതായി തമിഴ്‌നാട് വനം വകുപ്പ് അറിയിച്ചു. ഇന്നലെ രാത്രിയോടെ 15 കിലോമീറ്ററോളം സഞ്ചരിച്ചാണ് അരിക്കൊമ്ബന്‍ കന്യാകുമാരി വനാതിര്‍ത്തിയിലേക്ക് കടന്നത്.

ആന പൂര്‍ണ ആരോഗ്യവാനാണ് എന്നാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട് – കേരള അതിര്‍ത്തിയോട് ചേര്‍ന്നുള്ള കോതയാര്‍ ഡാമിന് അടുത്താണ് അരിക്കൊമ്ബന്‍ നിലയുറപ്പിച്ചിരുന്നത്. അരിക്കൊമ്ബന്‍ ഇവിടെയാണ് കൂടുതല്‍ സമയം ചെലവിടുന്നത്. വളരെ പതുക്കെയാണ് അരിക്കൊമ്ബന്റെ സഞ്ചാരമെന്നാണ് വനം വകുപ്പ് അറിയിക്കുന്നത്. അതേസമയം അരിക്കൊമ്ബന്റെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ പെരിയാര്‍ കടുവ സങ്കേതത്തില്‍ നിന്ന് തിരുവനന്തപുരം ജില്ലയിലെ വനം വകുപ്പ് അധികൃതര്‍ക്ക് കൈമാറുന്നുണ്ട്.

നെയ്യാര്‍ വനമേഖലയില്‍ നിരീക്ഷണം ശക്തമാക്കാനാണ് വനം വകുപ്പിന്റെ നീക്കം. നേരത്തെ തമിഴ്‌നാട് വനം വകുപ്പ് പിടികൂടി അരിക്കൊമ്ബനെ അപ്പര്‍ കോതയാര്‍ മുത്തുകുഴി വനമേഖലയിലാണ് കഴിഞ്ഞ ദിവസം തുറന്നു വിട്ടിരുന്നു. 15 പേര്‍ അടങ്ങുന്ന സംഘം മൂന്ന് ഷിഫ്റ്റുകളായി കോതയാര്‍ വനാതിര്‍ത്തിയില്‍ നിരീക്ഷണം നടത്തി വരികയാണ്. അതിനിടെ അരിക്കൊമ്ബനെതിരെ പ്രതിഷേധവുമായി കന്യാകുമാരി പഴംകുടി ആദിവാസി സമൂഹം രംഗത്തെത്തിയിട്ടുണ്ട്.

കന്യാകുമാരി വനമേഖലയില്‍ അരിക്കൊമ്ബന്‍ എത്തിയ സാഹചര്യത്തില്‍ ജനവാസമേഖലയിലേക്ക് ഇറങ്ങാനുള്ള സാധ്യത ഏറെയാണ്. എന്നാല്‍ ആനയെ ഉള്‍ക്കാട്ടിലേക്കു കടത്തിവിടാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട് എന്ന് ഡി എഫ് ഒ വ്യക്തമാക്കിയിട്ടുണ്ട്. അംബാസമുദ്രം, കളക്കട്, കന്യാകുമാരി മേഖലകളിലെ 60 വനം വകുപ്പ് ഉദ്യോഗസ്ഥരും അരിക്കൊമ്ബനെ നിരീക്ഷിച്ച്‌ വരികയാണ്.

ചിന്നക്കനാലില്‍ ജനവാസ മേഖലയിലിറങ്ങി പതിവായി പ്രശ്നങ്ങള്‍ സൃഷ്ടിച്ചതോടെയാണ് അരിക്കൊമ്ബനെ മാറ്റാന്‍ തീരുമാനമായത്. അരിക്കൊമ്ബനെ റേഡിയോ കോളര്‍ ഘടിപ്പിച്ച്‌ കാട്ടിലേക്ക് മാറ്റിയാല്‍ മതി എന്ന ഹൈക്കോടതി നിലപാടിന്റെ അടിസ്ഥാനത്തിലാണ് ചിന്നക്കനാലില്‍ നിന്ന് പെരിയാര്‍ കടുവ സങ്കേതത്തിലേക്ക് മാറ്റിയത്. ഏപ്രില്‍ 29 നാണ് അരിക്കൊമ്ബനെ മയക്കുവെടി വെക്കുന്നത്.

പിന്നാലെ മേതകാനത്ത് അരിക്കൊമ്ബനെ തുറന്നുവിടുകയായിരുന്നു. ഇതിന് പിന്നാലെയാണ് കുമളി, കമ്ബം ഭാഗത്തെ ജനവാസമേഖലയിലേക്ക് അരിക്കൊമ്ബനിറങ്ങിയത്. ഇതോടെ തമിഴ്‌നാട് വനം വകുപ്പും അരിക്കൊമ്ബന്‍ നിരീക്ഷണം ശക്തമാക്കുകയായിരുന്നു. ഇതിന് ശേഷം പലപ്പോഴായി അരിക്കൊമ്ബന്റെ കഴുത്തിലുള്ള റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നല്‍ നഷ്ടമാകുകയും ചെയ്തിരുന്നു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *