അരിക്കൊമ്ബന്റെ പുതിയ ദൃശ്യങ്ങള്‍ പങ്കുവെച്ച് തമിഴ്‌നാട് വനംവകുപ്പ്.
ചെന്നൈ: അരിക്കൊമ്ബന്റെ പുതിയ ദൃശ്യങ്ങള്‍ പങ്കുവെച്ച് തമിഴ്‌നാട് വനംവകുപ്പ്. ആന പുല്ല് തിന്നുന്ന വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്.
തമിഴ്‌നാട് വനംവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹു ട്വിറ്ററിലൂടെയാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചത്. ഇതിന് മുൻപും അരിക്കൊമ്ബന്റെ ദൃശ്യങ്ങള്‍ സുപ്രിയ തന്നെയാണ് പുറത്തുവിട്ടത്. ആന അവശനാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലായിരുന്നു തമിഴ്‌നാട് പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
അരിക്കൊമ്ബന്റെ ദൃശ്യങ്ങള്‍ക്കൊപ്പം, കാടുമായി ആന ഇണങ്ങിക്കഴിഞ്ഞെന്നും മറ്റ് ആനകളുമായും ആന ഇണങ്ങിക്കഴിഞ്ഞെന്നും സുപ്രിയ സാഹു കുറിച്ചു. അരിക്കൊമ്ബൻ പൂര്‍ണ ആരോഗ്യവാനാണെന്നും ഫീല്‍ഡ് ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും ശരിയായ വിവരങ്ങള്‍ അറിയാൻ അരിക്കൊമ്ബനെ സംബന്ധിച്ചു വരുന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധിച്ചാല്‍ മതിയെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.
ജൂണ്‍ 20-നായിരുന്നു അരിക്കൊമ്ബന്റെ ദൃശ്യങ്ങള്‍ ഇതിന് മുൻപ് അവസാനമായി പുറത്തുവിട്ടത്. ചിത്രത്തില്‍ ആനയെ അവശനായി കണ്ടതിനെ തുടര്‍ന്ന് നിരവധി അഭ്യൂഹങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് അരിക്കൊമ്ബന് സംരക്ഷണം ഉറപ്പുവരുത്തണമെന്നും ചികിത്സ നല്‍കണമെന്നും ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ആനയെ ഇനി മയക്കുവെടി വെയ്‌ക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.