കൊല്‍ക്കത്ത : പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിലെ ഒരു വീട്ടില്‍ നടത്തിയ പരിശോധനയില്‍ വെള്ളിയാഴ്ച സിബിഐ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി.
സസ്പെൻഷനിലായ തൃണമൂല്‍ നേതാവ് ഷാജഹാൻ ഷെയ്ഖ് പ്രേരിപ്പിച്ചതായി ആരോപിക്കപ്പെടുന്ന ഒരു ജനക്കൂട്ടം ഇഡി സംഘത്തെ ആക്രമിച്ചതുമായി ബന്ധപ്പെട്ട അന്വേഷണവുമായിട്ടാണ് സിബിഐ പരിശോധന നടത്തിയത്.
പശ്ചിമ ബംഗാള്‍ പോലീസിന്റെയും നാഷണല്‍ സെക്യൂരിറ്റി ഗാർഡ് ഉള്‍പ്പെടെയുള്ള കേന്ദ്ര സേനയുടെയും പിന്തുണയോടെ സിബിഐ ഉദ്യോഗസ്ഥരുടെ അഞ്ച് സംഘങ്ങളാണ് നോർത്ത് 24 പർഗാനാസ് ജില്ലയിലെ സന്ദേശ്ഖാലി പ്രദേശത്തെ സർബീരിയയിലെ വീട്ടില്‍ പരിശോധന നടത്തിയതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ഈ വൻ ആയുധശേഖരവും സ്‌ഫോടക വസ്തുക്കളും സംഭരിച്ചിരിക്കുന്നതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് പ്രത്യേക വിവരങ്ങള്‍ ലഭിച്ചിരുന്നു. വിദേശ നിർമ്മിത പിസ്റ്റളുകള്‍ ഉള്‍പ്പെടെ 12 തോക്കുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. പെട്ടിക്കുള്ളില്‍ അടുക്കിവെച്ച സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. പരിശോധന നടന്നുകൊണ്ടിരിക്കുന്നുവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഷാജഹാൻ ഷെയ്ഖിന്റെ ബന്ധുവാണ് അബു തലേബ് മൊല്ല എന്ന് പേരിട്ടിരിക്കുന്ന വീടിന്റെ ഉടമയെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. അതേ സമയം എന്തുകൊണ്ടാണ് ഇത്രയും വലിയ ആയുധശേഖരവും സ്‌ഫോടക വസ്തുക്കളും വീടിനുള്ളില്‍ അടുക്കിവച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും അവർ പറഞ്ഞു.
മത്സ്യകൃഷിക്ക് ഉപയോഗിക്കുന്ന ജലാശയങ്ങള്‍ക്കിടയിലാണ് സുരക്ഷാസേന ഉപരോധിച്ച വീട് നിർമിച്ചത്. കൂടുതല്‍ ആയുധങ്ങളും വെടിക്കോപ്പുകളും കുഴിച്ചിട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാൻ കേന്ദ്രസേന വീടിന് പുറത്ത് മെറ്റല്‍ ഡിറ്റക്ടറുകള്‍ ഉപയോഗിച്ചു. ഇതിനായി ഒരു റോബോട്ടിക് ഉപകരണവും വിന്യസിച്ചിട്ടുണ്ട്.
ജനുവരി 5 ന്, റേഷൻ കുംഭകോണവുമായി ബന്ധപ്പെട്ട് ഷെയ്ഖിന്റെ സ്ഥാപനങ്ങള്‍ റെയ്ഡ് ചെയ്യാൻ പോയ സുന്ദർബൻസ് അതിർത്തിയിലുള്ള നദീതീര ഡെല്‍റ്റയായ സന്ദേശ്ഖാലിയില്‍ ഇഡി സംഘം ആക്രമിക്കപ്പെട്ടത്. സിബിഐ അന്വേഷണത്തിനിടെ സന്ദേശ്ഖാലിയില്‍ ഒളിപ്പിച്ച വൻ ആയുധശേഖരത്തിന്റെ വിവരങ്ങള്‍ ലഭിച്ചത്.
മൂന്ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റ ആയിരത്തോളം പേരുടെ ആക്രമണവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 29 ന് പശ്ചിമ ബംഗാള്‍ പോലീസ് ഷെയ്ഖിനെ അറസ്റ്റ് ചെയ്തിരുന്നു.