ഡല്‍ഹി മദ്യനയക്കേസില്‍ ഇ.ഡി തന്നെ അറസ്റ്റ് ചെയ്തതിനെതിരേ അരവിന്ദ് കെജ്രിവാള്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹർജി പിൻവലിച്ചു.
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ ഇ.ഡി തന്നെ അറസ്റ്റ് ചെയ്തതിനെതിരേ അരവിന്ദ് കെജ്രിവാള്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹർജി പിൻവലിച്ചു.
ഇ.ഡി കെജ്രിവാളിനെ കോടതിയില്‍ ഹാജരാക്കാനിരിക്കേയാണ് ഹർജി പിൻവലിച്ചത്.
ഹർജി പിൻവലിക്കുന്നതായി അരവിന്ദ് കെജ്രിവാളിന്റെ അഭിഭാഷകൻ അഭിഷേക് മനു സിംഘ്വിയാണ് കോടതിയെ അറിയിച്ചത്. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന് മുമ്ബാകെ മറ്റൊരു കേസില്‍ ഹാജരായതിനു പിന്നാലെയാണ് ഹർജി പിൻവലിക്കുന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയത്. തുടർന്ന് ഹർജി പിൻവലിക്കാനുള്ള അനുമതി സഞ്ജീവ് ഖന്ന നല്‍കി.
കെജ്രിവാളിനെ റിമാൻഡ് ചെയ്യാനുള്ള ആവശ്യം വിചാരണ കോടതിയില്‍ ഇഡി ഉന്നയിക്കും. ആ ഹർജിയും സുപ്രീംകോടതിയിലെ ഹർജിയും പരിഗണിക്കുമ്ബോള്‍ ഉണ്ടാകുന്ന പ്രയാസം ഒഴിവാക്കാനാണ് ഹർജി പിൻവലിക്കുന്നതെന്നാണ് സിംഘ്വി കോടതില്‍ വ്യക്തമാക്കിയത്. ഹർജി പിൻവലിച്ചുകൊണ്ടുള്ള ഔദ്യോഗിക കത്ത് ഉടൻ കൈമാറുമെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്നയെ അദ്ദേഹം അറിയിച്ചു.
ആവശ്യം ഉന്നയിച്ചാലും ഹൈക്കോടതിയേയോ വിചാരണ കോടതിയേയോ സമീപിക്കാനാവും സുപ്രീം കോടതി പറയുക എന്ന സാധ്യക കൂടി കണക്കിലെടുത്താണ് ഹർജി പിൻവലിക്കാനുള്ള തീരുമാനം. നേരത്തെ, മദ്യനയ കേസില്‍ അറസ്റ്റിലായ ബി.ആർ.എസ്. നേതാവ് കവിത നല്‍കിയ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിച്ചിരുന്നില്ല. ജാമ്യത്തിനായി നേരിട്ട് സുപ്രീംകോടതിയെ സമീപിക്കാതെ വിചാരണക്കോടതിയെ സമീപിക്കാൻ കോടതി നിർദേശിച്ചിരുന്നു.
ഭരണഘടനയുടെ 32-ാം അനുച്ഛേദപ്രകാരം റിട്ട് ഹർജിയുമായാണ് കവിത സുപ്രീംകോടതിയെ സമീപിച്ചത്. ജാമ്യഹർജി സമർപ്പിക്കുന്നതിന് വ്യവസ്ഥാപിതമായി മാർഗങ്ങളുണ്ടെന്നും ആ മാർഗങ്ങള്‍ അവലംബിക്കണമെന്നും കവിതയ്ക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കപില്‍ സിബലിനോട് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു.