തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് ഹോമിയോ മരുന്ന് നൽകുന്നതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). കുട്ടികളിൽ അശാസ്ത്രീയ ചികിത്സാ രീതികൾ പ്രയോഗിക്കരുതെന്ന് ഐഎംഎ നിര്‍ദ്ദേശിച്ചു. ആഴ്സണിക് ആൽബം നൽകുന്നതിനെതിരെയാണ് ഐഎംഎ നിലപാട്. ഇത് ഗുരുതര വീഴ്ചയാകുമെന്നും ഐഎംഎ വിമര്‍ശിച്ചു. സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായാണ് കുട്ടികളിൽ പ്രതിരോധത്തിനായി ഹോമിയോ മരുന്ന് നൽകാൻ സർക്കാർ ആലോചിച്ചത്.
സ്കൂൾ തുറക്കുമ്പോൾ കൊച്ചുകുട്ടികളിൽ അശാസ്ത്രീയമായ ചികിത്സാ രീതികൾ ഉപയോഗിക്കുന്നത് കടുത്ത ഗുരുതരാവസ്ഥയിലേക്ക് കേരളത്തെ തള്ളിവിടുമെന്നാണ് ഐഎംഎയുടെ ആരോപണം. കൊറോണ പ്രതിരോധത്തിന് ലോകത്തൊരിടത്തും തെളിയിക്കപ്പെട്ടിട്ടില്ലത്ത ആഴ്സനിക് ആല്‍ബം എന്ന മരുന്ന് നൽകുവാൻ തീരുമാനിച്ചത് ശാസ്ത്ര സമൂഹത്തിലാകെ അമ്പരപ്പ് സൃഷ്ടിച്ചിരിക്കുകയാണ്. ആധുനിക വൈദ്യശാസ്ത്രത്തിലെ മരുന്നുകളായാലും ശരി, കൃത്യമായ തെളിവുകൾ ലഭ്യമായ മരുന്നുകളെ മാത്രം സ്വീകരിച്ചാണ് ശാസ്ത്രീയ ചികിത്സ മുന്നേറുന്നതെന്നും ഐഎംഎ വിമര്‍ശിച്ചു.
കൊറോണ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന സ്റ്റിറോയ്ഡ് മരുന്നുകൾ, മോണോ ക്ലോണൽ ആൻറി ബോഡികൾ, രക്തം കട്ടപിടിക്കാതിരിക്കാനുളള മരുന്നുകൾ തുടങ്ങി രോഗപ്രതിരോധത്തിനായി ഉപയോഗിക്കുന്ന വാക്സിനേഷനുകൾ വരെ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം ഉപയോഗിക്കുന്നതാണ്. എന്നാൽ അതിന് വിപരീതമായി കൊച്ചുകുട്ടികളുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ പ്രതിരോധ ഗുളികകൾ എന്ന പേരിൽ മരുന്നുകൾ നൽകുന്നത് ഗുരുതരമായ വീഴ്ചയായി കാണേണ്ടിവരും.
കുട്ടികളിലും രക്ഷിതാക്കളിലും വ്യാജമായ ഒരു സുരക്ഷിതത്വബോധം ഉണ്ടാക്കുന്നത് രോഗ പ്രതിരോധത്തെ തകർക്കുവാൻ കാരണമാകുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വിലയിരുത്തുന്നു. മാത്രവുമല്ല ഇത്തരം ഒരു അബദ്ധജഡിലമായ തീരുമാനം കേരളത്തെ ലോകത്തിനുമുന്നിൽ അപഹാസ്യമാക്കുന്നതിന് കാരണമാകുമെന്നും ഐഎംഎ വിമര്‍ശിച്ചു.