ന്യൂ ഡെൽഹി: അരുണാചൽ പ്രദേശിൽ നിന്ന് കാണാതായ പതിനേഴുകാരനായ മിറാം തരോണിനെ ചൈനീസ് സൈന്യം ഇന്ത്യയ്ക്ക് കൈമാറി. മെഡിക്കൽ പരിശോധന ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പാലിച്ചായിരുന്നു കൈമാറ്റമെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു.
മിറാം തരോണിനെ ചൈനീസ് സൈന്യം അരുണാചൽ പ്രദേശിലെ വാച്ച-ദാമൈ ഇന്ററാക്ഷൻ പോയിന്റിൽ വച്ച് ഇന്ത്യൻ സൈന്യത്തിന് കൈമാറിയത്. സൂക്ഷ്മതയോടെ കേസ് പിന്തുടരുകയും കുട്ടിയെ സുരക്ഷിതമായി നാട്ടിലെത്തിക്കുകയും ചെയ്തതിന് ഇന്ത്യൻ സൈന്യത്തിന് നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അരുണാചൽ പ്രദേശിലെ സിയാങ് ജില്ലക്കാരനായ മിറാം തരോണിനെ ജനുവരി 18 മുതലാണ് കാണാതായത്. വനത്തിൽ വേട്ടയ്ക്ക് പോയ മിറാമിനെ ചൈനീസ് സേന തട്ടിക്കൊണ്ടുപോയെന്നാണ് ആദ്യം ആരോപണം ഉയർന്നത്. എന്നാൽ യുവാവിനെ വനത്തിനുള്ളിൽ കാണാതായതാണെന്ന് പിന്നീട് വ്യക്തമായി.
റാം തരോണിനെ കണ്ടെത്താൻ ഇന്ത്യൻ സേന ചൈനീസ് സൈന്യത്തിന്റെ സഹായം അഭ്യർഥിക്കുകയും ചെയ്തിരുന്നു. തുടർന്ന് നാല് ദിവസത്തെ തിരച്ചിലിന് ശേഷം കഴിഞ്ഞ ദിവസമാണ് തരോണിനെകണ്ടെത്തിയെന്ന് ചൈനീസ് സേന ഇന്ത്യയെ അറിയിച്ചത്. എന്നാൽ അതിർത്തിയിലെ ചൈനീസ് ഭാഗത്ത് കാലാവസ്ഥ മോശമായതിനാലാണ് കൈമാറ്റം വൈകിയത്.