ന്യൂഡല്‍ഹി ‘ന്യൂസ്ക്ലിക്ക്’ വേട്ടയ്ക്കെതിരായ പ്രതിഷേധക്കൂട്ടായ്മയില്‍ പങ്കെടുത്ത് ദിവസങ്ങള്‍ക്കുള്ളിലാണ് വിഖ്യാത എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതിറോയ്യെ 13 വര്‍ഷം പഴക്കമുള്ള കേസില്‍ പ്രോസിക്യൂട്ട് ചെയ്യാൻ
ന്യൂഡല്‍ഹി ‘ന്യൂസ്ക്ലിക്ക്’ വേട്ടയ്ക്കെതിരായ പ്രതിഷേധക്കൂട്ടായ്മയില്‍ പങ്കെടുത്ത് ദിവസങ്ങള്‍ക്കുള്ളിലാണ് വിഖ്യാത എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതിറോയ്യെ 13 വര്‍ഷം പഴക്കമുള്ള കേസില്‍ പ്രോസിക്യൂട്ട് ചെയ്യാൻ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനുമതി നല്‍കിയത്.
ന്യൂസ്ക്ലിക്ക് റെയ്ഡ് നടന്നതിന്റെ അടുത്തദിവസം (ഈമാസം നാലിന്) ഡല്‍ഹി പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ ബിജെപി സര്‍ക്കാരിനെതിരെ അരുന്ധതിറോയ് രൂക്ഷമായി വിമര്‍ശിച്ചു. ‘നിശ്ചിതകാലത്തേക്ക് മാത്രമേ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്താനാകൂ. എന്നാല്‍, ബിജെപിയും മോദിയും ഈ റിപ്പബ്ലിക്കിന്റെയും ഭരണഘടനയുടെയും അടിസ്ഥാന സവിശേഷതകള്‍തന്നെ മാറ്റിമറിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അവര്‍ വീണ്ടും അധികാരത്തില്‍ എത്തിയാല്‍ ഇന്ത്യ ജനാധിപത്യ രാജ്യമായി തുടരാനുള്ള സാധ്യത കുറവാണ്’–- അരുന്ധതി റോയ് പറഞ്ഞു. ഇതിനുപിന്നാലെയാണ്, 2010ലെ കേസ് അരുന്ധതി റോയ്ക്കെതിരെ ഇപ്പോള്‍ അധികൃതര്‍ കുത്തിപ്പൊക്കിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വിഷയം അന്താരാഷ്ട്രതലത്തിലും ചര്‍ച്ചയായി.