അതിരപ്പിള്ളി തുമ്ബൂര്‍മുഴിയില്‍ വനത്തില്‍ ആതിര എന്ന യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
തൃശൂര്‍ : അതിരപ്പിള്ളി തുമ്ബൂര്‍മുഴിയില്‍ വനത്തില്‍ ആതിര എന്ന യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
ഒരാഴ്ച മുമ്ബാണ് എറണാകുളം കാലടി കാഞ്ഞൂരില്‍ നിന്ന് ആതിരയെ കാണാതായത്. ആതിരയുടെ പക്കല്‍ നിന്ന് പലപ്പോഴായി വാങ്ങിയ 12 പവന്റെ ആഭരണം തിരിച്ചു ചോദിച്ചതിന്റെ വൈരാഗ്യത്താലാണ് കൊലപാതകമെന്ന് അറസ്റ്റിലായ സുഹൃത്ത് ഇടുക്കി ആനവെട്ടി സ്വദേശി പാപ്പനശേരി വീട്ടില്‍ അഖില്‍ മൊഴി നല്‍കി.
അങ്കമാലിയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ജീവനക്കാരിയായ ആതിരയും അവിടെ മീന്‍ സപ്ളൈ ചെയ്തിരുന്ന അഖിലും ആറുമാസമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആറ് മാസം മുമ്ബ് ജോലിക്ക് കയറിയ ആതിര സൂപ്പര്‍മാര്‍ക്കറ്റിലെത്തിയിരുന്ന അഖിലുമായി ഇന്‍സ്റ്റഗ്രാമിലൂടെയാണ് കൂടുതല്‍ അടുപ്പത്തിലായത്. പരിചയം വളര്‍ന്നതോടെ ക്രിസ്മസിനും വിഷുവിനും കൂടുതല്‍ മീന്‍ സപ്ളൈ ചെയ്ത് വലിയ ലാഭമുണ്ടാക്കാന്‍ വേണ്ടിയെന്ന് പറഞ്ഞാണ് ആതിരയില്‍ നിന്ന് പലപ്പോഴായി സ്വര്‍ണ്ണാഭരണം കൈക്കലാക്കിയത്. അടുത്തിടെ ആതിര ഇതെല്ലാം തിരികെ ചോദിച്ചു. ഇതാണ് അഖിലിനെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ആതിരയുടെ ശല്യം ഒഴിവാക്കാന്‍ പദ്ധതി ആസൂത്രണം ചെയ്തു.ഇതിന്റെ അടിസ്ഥാനത്തില്‍ അതിരപ്പിള്ളിയിലേക്ക് വിനോദയാത്രപോകാമെന്ന് പറഞ്ഞ് ആതിരയെക്കൊണ്ട് അവധിയെടുപ്പിച്ചു. സംഭവദിവസം ഫോണ്‍ എടുക്കേണ്ടെന്ന് അഖില്‍ ആതിരയോട് ആവശ്യപ്പെട്ടിരുന്നു. അഖിലും അന്നേദിവസം ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയിരുന്നു. ഇതെല്ലാം കൊലപാതകം മുന്‍കൂട്ടി പദ്ധതിയിട്ടതിന്റെ തെളിവാണെന്ന് പൊലീസ് സൂചിപ്പിക്കുന്നു.
ആതിരയെ അഖില്‍ കാറില്‍ കയറ്റിക്കൊണ്ടു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതാണ് കേസില്‍ നിര്‍ണായകമായത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ അഖിലും ആതിരയും തമ്മിലുള്ള ഫോണ്‍ വിളികളുടെ വിവരങ്ങളും പൊലീസിന് ലഭിച്ചു.ഇതോടെയാണ് അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
ഏപ്രില്‍ 29ന് വാടകയ്‌ക്കെടുത്ത കാറില്‍ ആതിരയെ അഖില്‍ അതിരപ്പിള്ളി ഭാഗത്തേക്ക് വിനോദയാത്രയ്‌ക്കെന്ന വ്യാജേന കൂടെക്കൂട്ടുകയായിരുന്നു. മടക്കയാത്രയില്‍ തുമ്ബൂര്‍മുഴിയിലെ പത്തേ ആര്‍ എന്ന സ്ഥലത്ത് കാട്ടിലേക്ക് കയറ്റിക്കൊണ്ടുപോയി. ഇവിടെ വച്ച് ചുരിദാറിന്റെ ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി. മരണം ഉറപ്പുവരുത്താന്‍ മൂക്കും വായും പൊത്തിപ്പിടിച്ചുവെന്ന് യുവാവ് പൊലീസിനോട് സമ്മതിച്ചു.
പാറയിടുക്കിലേക്ക് മാറ്റിയിട്ട് മൃതദേഹം ചവറിട്ടു മൂടിയ അഖില്‍ കാടിറങ്ങി വന്ന് കാറില്‍ കയറി തിരിച്ചു പോയി.
പെരുമ്ബാവൂരിലെ സ്വകാര്യ കോളേജില്‍ ബി.കോം പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട് ആതിര. മാതാവ് വര്‍ഷങ്ങള്‍ക്കുമുമ്ബേ ആത്മഹത്യ ചെയ്തു. രണ്ടാനമ്മയും കുറച്ചുനാള്‍മുമ്ബ് കാന്‍സര്‍ ബാധിച്ച് മരിച്ചു. സഹോദരന്‍ മയക്കുമരുന്നു കേസില്‍ ജയിലിലാണ്. ആതിരയുടെ രണ്ടു പെണ്‍മക്കളും എല്‍.പി സ്കൂള്‍ വിദ്യാര്‍ത്ഥികളാണ്. അഖില്‍ അങ്കമാലി ഓലിയം കപ്പേളയ്ക്കു സമീപത്തെ വാടകവീട്ടിലാണ് ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം കഴിഞ്ഞിരുന്നത്. ഇന്‍സ്റ്റഗ്രാം അടക്കമുള്ള സാമൂഹികമാധ്യമങ്ങളില്‍ സജീവമാണ്. ‘അഖിയേട്ടന്‍’ എന്ന ഇയാളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിരവധി റീല്‍സ് വീഡിയോകളാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. പതിനായിരത്തിലേറെ ഫോളോവേഴ്സുമുണ്ട്.