റഫയില്‍ കരയാക്രമണത്തിന് ഒരുങ്ങി ഇസ്രായേല്‍ സേന; അനുമതി നല്‍കിയിട്ടില്ലെന്ന് അമേരിക്ക

April 25, 2024
29
Views

ദുബൈ: തെക്കൻ ഗസ്സയിലെ റഫയില്‍ ആക്രമണത്തിന് ഒരുങ്ങിയെന്നും ഇനി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അനുമതി മാത്രം മതിയെന്നും ഇസ്രായേല്‍ സേന.

ആയിരക്കണക്കിന് സൈനികരെയാണ് റഫക്ക് നേരെയുള്ള കരയാക്രമണത്തിന് ഇസ്രായേല്‍ സജ്ജമാക്കി നിർത്തിയിരിക്കുന്നത്.

12 ലക്ഷത്തോളം പേർ തിങ്ങിത്താമസിക്കുന്ന റഫക്കു നേരെയുള്ള ആക്രമണം ആയിരങ്ങളുടെ കൂട്ടക്കുരുതിക്കാവും വഴിയൊരുക്കുക. എന്നാല്‍, ഒഴിപ്പിക്കലും ആക്രമണവും ഒരേ സമയം മുന്നോട്ടുകൊണ്ടുപോകുമെന്ന് സൈന്യം വ്യക്തമാക്കി. റഫ ആക്രമണത്തിന് അനുമതി നല്‍കിയെന്ന വാർത്ത അമേരിക്ക തള്ളി. സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി പെൻറഗണ്‍ അറിയിച്ചു. ഈജിപത് ഉള്‍പ്പെടെ മേഖലയുടെ സുരക്ഷക്ക് വൻഭീഷണിയാകും റഫ ആക്രമണമെന്ന് ഫലസ്തീൻ സംഘടനകളും മുന്നറിയിപ്പ് നല്‍കി.

ഇസ്രായേലിനുള്ള പുതിയ സൈനിക സഹായം അടുത്ത മണിക്കൂറുകളില്‍ തന്നെ കപ്പല്‍ മാർഗം അയക്കുമെന്ന് അമേരിക്കൻ പ്രസിഡൻറ് ജോ ബെഡൻ. യു.എസ് കോണ്‍ഗ്രസ് പാസാക്കിയ പാക്കേജില്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് തുടർ നടപടി.

വിവിധ അമേരിക്കൻ സർവകലാശാലകളില്‍ പടരുന്ന ഫലസ്തീൻ ഐക്യദാർഢ്യവും യുദ്ധവിരുദ്ധ പ്രക്ഷോഭവും അമർച്ച ചെയ്യാൻ കടുത്ത നടപടികള്‍ സ്വീകരിച്ച്‌ ഭരണകൂടം. സെമിറ്റിക് വിരുദ്ധ പ്രക്ഷോഭം എന്ന ലേബല്‍ ചാർത്തിയാണ് വിദ്യാർഥികള്‍ക്കെതിരെ നടപടി തുടരുന്നത്. ടെക്സാസ് യൂനിവേഴ്സിറ്റിയില്‍ 10 വിദ്യാർഥികള്‍ അറസ്റ്റിലായി. ഹാർവാർഡ് സർവകലാശാലയില്‍ വിദ്യാർഥികള്‍ പ്രതിഷേധ ക്യാമ്ബ് തുറന്നു.

ഇസ്രായേല്‍ വിദ്യാർഥികള്‍ക്ക് അമേരിക്കയില്‍ സുരക്ഷയില്ലാത്ത സാഹചര്യം പൊറുപ്പിക്കാനാവില്ലെന്ന് യു.എസ് പ്രതിനിധി സഭാ സ്പീക്കർ പറഞ്ഞു. ഹമാസ് അനുകൂല പ്രക്ഷോഭം അമർച്ച ചെയ്യണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവും ആവശ്യപ്പെട്ടു.

ഗസ്സയിലെ നാസിർ, അല്‍ ശിഫ ആശുപത്രികളില്‍ കണ്ടെത്തിയ കൂട്ടക്കുഴിമാടത്തില്‍ സ്വതന്ത്രാന്വേഷണം വേണമെന്ന് യൂറോപ്യൻ യൂനിയനും ആംനസ്റ്റി ഇൻർനാഷനലും വ്യക്തമാക്കി. ഗസ്സ ഭക്ഷ്യക്ഷാമത്തിന്റെ പടിവാതില്‍ക്കലാണെന്ന് യു.എൻ ഏജൻസികള്‍ അറിയിച്ചു. ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ പാകിസ്താൻ സന്ദർശനവേളയില്‍ ഇരുരാജ്യങ്ങളും ഇസ്രായേലിനെതിരെ സംയുക്ത പ്രസ്താവന പുറത്തിറക്കി. ഇസ്രായേല്‍, അമേരിക്കൻ ഉടമസ്ഥതയിലുള്ള മൂന്ന് കപ്പലുകള്‍ക്കു നേരെ ആക്രമണം നടത്തിയെന്ന് യെമനിലെ ഹൂത്തികള്‍ അറിയിച്ചു.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *