ശ്രീനഗർ: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഭീകരവേട്ട തുടർന്ന് സുരക്ഷാ സേന. തലയ്‌ക്ക് 10 ലക്ഷം രൂപ വിലയിട്ട ലഷ്കർ ഭീകരൻ ബാസിത് ദാറിനെ വകവരുത്തിയതിന് പിന്നാലെ മറ്റൊരു ഭീകരനെ കൂടി സേന വധിച്ചു.
മൂന്നാമത്തെ ഭീകരനെയാണ് സേന ഒറ്റ ഓപ്പറേഷനിടെ വധിച്ചത്. മോമിൻ മിർ എന്ന ലഷ്കർ ഭീകരനാണ് കൊല്ലപ്പെട്ടതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ബാസിത് ദാറിനെയും കൂട്ടാളിയെയും വധിച്ചപ്പോള്‍ ഇയാള്‍ ഒരു വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇയാളെ സേന വളഞ്ഞതും വകവരുത്തിയതും.
കുല്‍ഗാമിലെ റെഡ്വാനി മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് തിങ്കളാഴ്ച സുരക്ഷാസേന തിരച്ചില്‍ ആരംഭിച്ചത്. ദിവസങ്ങള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ വധിക്കാനായത്. പോലീസ് ഉദ്യോഗസ്ഥരെയും സാധാരണക്കാരെയും കൊലപ്പെടുത്തി 18-ലധികം കേസുകളില്‍ പ്രതിയായ ബാസിത് ദാറിനെയും കൂട്ടാളികളെയുമാണ് സേന നേരത്തെ വകവരുത്തിയത്.
കൂടുതല്‍ ഭീകരർക്കായി പ്രദേശത്ത് തെരച്ചില്‍ പുരോഗമിക്കുകയാണ്. ഓപ്പറേഷൻ പുരോഗമിക്കുന്നതിനിടെയായിരുന്നു ഏറ്റുമുട്ടലുണ്ടായത്. കഴിഞ്ഞ ദിവസം വ്യോമസേന വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിന് ഉത്തരവാദികളായ ഭീകരർക്കായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഭീകരവേട്ട.