കോഴിക്കോട്: ആര്‍.എം.പി. നേതാവ് കെ.എസ്. ഹരിഹരന്റെ വീടിന് നേരെ ആക്രമണം. സ്‌കൂട്ടറിലെത്തിയ സംഘം വീടിന് നേര്‍ക്ക് സ്‌ഫോടകവസ്തു എറിയുകയായിരുന്നു.
ഇന്ന് വൈകിട്ട് 8.15 നാണ് സംഭവം.സ്‌ഫോടകവസ്തു വീടിന്റെ ചുറ്റുമതിലില്‍ തട്ടി പൊട്ടിയതിനാല്‍ വൻ അപകടം ഒഴിവായി. ഇവയുടെ അവശിഷ്ടങ്ങള്‍ ഇതേ സംഘം എത്തി പിന്നീട് വാരികൊണ്ട് പോയതായും ഹരിഹരൻ വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസം വടകരയില്‍ നടന്ന യു.ഡി.എഫ്. പരിപാടിക്കിടെ ഹരിഹരന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. പ്രസ്താവനയില്‍ ഹരിഹരന്‍ മാപ്പു പറഞ്ഞെങ്കിലും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ഡിജിപിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര മണ്ഡലത്തില്‍ ഉണ്ടായ അശ്ലീല വിഡിയോ വിവാദത്തെക്കുറിച്ച് പരാമർശിക്കുന്നതിനിടെയായിരുന്നു ഹരിഹരൻ വിവാദ പരാമർശം നടത്തിയത്. ‘സിപിഎമ്മിന്റെ സൈബർ ഗുണ്ടകള്‍ കരുതിയത് അവർ ചില സംഗതികള്‍ നടത്തിയാല്‍ തീരുമെന്നാണ്. ടീച്ചറുടെ ഒരു അശ്ലീല വീഡിയോ ഉണ്ടാക്കിയെന്നാണ് പരാതി. ആരെങ്കിലും ഉണ്ടാക്കുമോ അത്’ എന്നുപറഞ്ഞശേഷം മറ്റാരുടെയെങ്കിലും ഉണ്ടാക്കിയെന്ന് പറഞ്ഞാല്‍ മനസിലാക്കാമെന്ന് ഒരു നടിയെ പരാമർശിച്ചുകൊണ്ട് ഹരിഹരൻ പറഞ്ഞു. ഇതാണ് വിവാദമായത്. സ്ത്രീവിരുദ്ധ പരാമർശം വൻചർച്ചയായതോടെ ഹരിഹരൻ തന്റെ ഫേസ്ബുക്ക് പേജില്‍ ഖേദം പ്രകടിപ്പിച്ചു.