കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ നടത്തിയ ആക്രമണത്തിനു പിന്നാലെ സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം. ആക്രമം നടത്തിയ പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അപ്രതീക്ഷിതമായ ആക്രമണമാണ് ഇന്നലെ അര്‍ധരാത്രി പൊലീസിനു നേരെ കിഴക്കമ്പലത്തുണ്ടായത്.ക്രിസ്മസ് കരോള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് കിറ്റെക്സിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ഉടലെടുക്കുകയായിരുന്നു.
ഇത് സംഘര്‍ഷത്തിലേക്ക് വഴിമാറി. ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ നടക്കുന്ന സാധാരണ സംഘര്‍ഷമാണെന്നാണ് പൊലീസ് കരുതിയത്. അതിനാല്‍ കുന്നത്ത് നാട് സിഐ ഷാജു അടക്കമുള്ള അഞ്ച് പൊലീസുകാര്‍ മാത്രമാണ് സ്ഥലത്തെത്തിയത്. പക്ഷെ അവിടെ പൊലീസിന് കാണാന്‍ കഴിഞ്ഞത് ചേരി തിരിഞ്ഞ് നിന്ന് പരസ്പരം പോര്‍വിളിക്കുന്ന നൂറിലേറെ ഇതരസംസ്ഥാന തൊഴിലാളി സംഘത്തെയാണ്.
ഇവര്‍ വളഞ്ഞിട്ട് പൊലീസിനെ ആക്രമിച്ചു. ഇത്രയും വലിയ സംഘത്തിന് മുന്നില്‍ പിടിച്ച് നില്ക്കാന് പൊലീസിന് കഴിഞ്ഞില്ല. ഇതിനിടയില്‍ പൊലീസ് ജീപ്പും ആക്രമികള്‍ കത്തിച്ചു. ഇരുട്ടില്‍ നിന്ന് പൊലീസിന് നേരെ കല്ലേറുമുണ്ടായി. സംഭവമറിഞ്ഞ് മറ്റ് സ്റ്റേഷന്‍പരിധിയില്‍ നിന്നുള്‍പ്പെടെ പൊലീസെത്തിയ ശേഷമാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായത്. പരിക്കേറ്റ പൊലീസുദ്യോഗസ്ഥരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമം നടത്തിയ ചില തൊഴിലാളികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചിലര്‍ ഇപ്പോഴും ഒൡവിലാണ്. ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളിലുള്‍പ്പെടെ പൊലീസ് തിരച്ചില്‍ നടത്തുന്നുണ്ട്.