അയോധ്യയില്‍ ശ്രീരാമപ്രതിഷ്ഠ ജനുവരി 22ന് നടക്കും.
ലഖ്‌നൗ: അയോധ്യയില്‍ ശ്രീരാമപ്രതിഷ്ഠ ജനുവരി 22ന് നടക്കും. ഛത്രപതി ശിവജിയുടെ കിരീടധാരണം നടത്തിയ കുടുംബത്തിലെ പിന്‍ഗാമിയാണ് ചടങ്ങുകള്‍ക്ക് നേതൃത്വം വഹിക്കുക.
വാരാണസിയില്‍ നിന്നുള്ള 50 പുരോഹിതന്മാരുടെ സംഘമാണ് പ്രതിഷ്ഠാ കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കുക.
ഛത്രപതി ശിവജിയുടെ കിരീടധാരണം നടത്തിയ പണ്ഡിറ്റ് ഗംഗാറാം ഭട്ടിന്റെ കുടുംബത്തില്‍ നിന്നുള്ള ആചാര്യ പണ്ഡിറ്റ് ലക്ഷ്മികാന്ത് മഥുരനാഥ് ദീക്ഷിതിന്റെ നേതൃത്വത്തിലാണ് വാരണാസിയിലെ പുരോഹിതന്മാരുടെ സംഘം അയോധ്യയിലെത്തുന്നത്. 1674ല്‍ ഗംഗാറാം ഭട്ട് ആയിരുന്നു ഛത്രപതി ശിവജിയുടെ കിരീടധാരണം നടത്തിയത്. അന്നുമുതല്‍ പണ്ഡിറ്റ് ഭട്ടിന്റെ കുടുംബം വാരണാസിയിലെ ഗംഗയുടെ തീരത്തുള്ള രാംഘട്ടിലാണ് താമസിക്കുന്നത്. പണ്ഡിറ്റ് ഗംഗാഭട്ടിന്റെ 11ാം തലമുറയില്‍പ്പെടുന്ന തങ്ങള്‍, രാമക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തുന്നത് അഭിമാനകരമായി കരുതുന്നുവെന്നും മഥുരനാഥ് ദീക്ഷിത് പറഞ്ഞു.
ചടങ്ങ് നടക്കുന്നതിന് ഒരുമാസം മുന്‍പ് പുരോഹിതന്മാര്‍ക്ക് പരിശീലനം നല്‍കും. ജനുവരി 22 ന് അയോധ്യയില്‍ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങില്‍ വാരണാസിയില്‍ നിന്നുള്ള 50 പുരോഹിതന്മാരാണ് ചടങ്ങുകള്‍ നടത്തുക. ഇവര്‍ക്കൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 71 ബ്രാഹ്‌മണര്‍ കൂടിയെത്തും. ജനുവരി 16ന് വാരണാസിയില്‍ നിന്നുള്ള സംഘം അയോധ്യയിലേക്ക് പുറപ്പെടും. ജനുവരി 17 മുതല്‍ അഞ്ച് ദിവസം ചടങ്ങ് നീണ്ടുനില്‍ക്കും. ഏഴായിരം പേര്‍ക്കാണ് പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം.