അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്തയിടത്ത് നിര്‍മിക്കുന്ന രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുല്‍ക്കര്‍ക്കും വിരാട് കോഹ്‌ലിക്കും ക്ഷണം.
ലഖ്നൗ: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്തയിടത്ത് നിര്‍മിക്കുന്ന രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുല്‍ക്കര്‍ക്കും വിരാട് കോഹ്‌ലിക്കും ക്ഷണം.
ജനുവരി 22ന് രാമക്ഷേത്രത്തില്‍ നടക്കുന്ന ശ്രീരാമന്റെ പ്രാണ്‍ പ്രതിഷ്ഠയിലേക്ക് (പ്രതിഷ്ഠാ ചടങ്ങ്) ആണ് മറ്റ് നിരവധി പ്രമുഖര്‍ക്കൊപ്പം ഇവരെയും ക്ഷണിച്ചതെന്ന് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിവിധ മേഖലകളിലെ 2000 പ്രമുഖരടക്കം 8000 പേര്‍ക്കാണ് ചടങ്ങിലേക്ക് ക്ഷണം.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. സിനിമാ താരങ്ങളായ അമിതാഭ് ബച്ചന്‍, അക്ഷയ് കുമാര്‍, വ്യവസായികളായ മുകേഷ് അംബാനി, രത്തന്‍ ടാറ്റ തുടങ്ങിയവരാണ് ക്ഷണിക്കപ്പെട്ടവരുടെ പട്ടികയിലെ മറ്റ് പ്രമുഖര്‍. സന്യാസിമാര്‍, പുരോഹിതര്‍, മതനേതാക്കള്‍, മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍, വിരമിച്ച ആര്‍മി ഉദ്യോഗസ്ഥര്‍, അഭിഭാഷകര്‍, ശാസ്ത്രജ്ഞര്‍, കവികള്‍, സംഗീതജ്ഞര്‍, പത്മശ്രീ, പത്മഭൂഷണ്‍ പുരസ്‌കാര ജേതാക്കള്‍ എന്നിവരുള്‍പ്പെടെ നിരവധി പേര്‍ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.
8000 ക്ഷണിതാക്കളില്‍ 6000 പേര്‍ രാജ്യത്തുടനീളമുള്ള മതനേതാക്കളും മറ്റ് 2000 പ്രമുഖര്‍ കായികം, സിനിമ, സംഗീതം, ബിസിനസ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ളവരുമാണെന്ന് ഒരു മുതിര്‍ന്ന വിഎച്ച്‌പി പ്രവര്‍ത്തകനെ ഉദ്ധരിച്ച് പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബാബരി മസ്ജിദ് പൊളിച്ച കര്‍സേവകരില്‍പ്പെട്ടവരും പിന്നീട് മരിച്ചവരുമായ 50 പേരുടെ കുടുംബാംഗങ്ങളേയും ക്ഷണിച്ചിട്ടുണ്ട്.
രാമക്ഷേത്രം യാഥാര്‍ഥ്യമാക്കുന്നതില്‍ തങ്ങളെ പിന്തുണച്ച മാധ്യമപ്രവര്‍ത്തകര്‍ക്കും ക്ഷണക്കത്ത് അയച്ചിട്ടുണ്ടെന്ന് വിശ്വഹിന്ദു പരിഷത്ത് വൃത്തങ്ങള്‍ പറഞ്ഞു. അവരില്‍ ആജ് തക് എഡിറ്റര്‍ സുധീര്‍ ചൗധരി, റിപ്പബ്ലിക് ടി.വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി, ഇൻഡ്യ ടി.വി എഡിറ്റര്‍ രജത് ശര്‍മ, ആജ് തക് സീനിയര്‍ എക്സിക്യുട്ടീവ് എഡിറ്റര്‍ ശ്വേത സിങ്, ദൈനിക് ഭാസ്‌കര്‍ എം.ഡി സുധീര്‍ അഗര്‍വാള്‍, ജാഗരണ്‍ പ്രകാശൻ സി.ഇ.ഒ സഞ്ജയ് ഗുപ്ത, നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാൻ മഹേന്ദ്ര മോഹൻ ഗുപ്ത എന്നിവരും ഇന്ത്യ ടുഡേ എഡിറ്റര്‍ അരൂണ്‍ പുരിയും ഉള്‍പ്പെടുന്നു.
അതേസമയം, ക്ഷണം കിട്ടിയെങ്കിലും രാമക്ഷേത്രത്തിന് രാഷ്ട്രീയമാനം കൂടി ഉള്ളതിനാല്‍ സച്ചിനും കോഹ്‌ലിയും ചടങ്ങില്‍ പങ്കെടുക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കോഹ്‌ലിക്ക് ചടങ്ങില്‍ എത്താന്‍ കഴിയുമോ ഇല്ലയോ എന്നത് സംശയകരമാണ്. ജനുവരി 25ന് ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്ബര ആരംഭിക്കാനിരിക്കുകയാണ്. എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കുമോ ഇല്ലയോ എന്നത് സംബന്ധിച്ച് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.