ലക്നൗ: ഗൊരഖ്പൂരിൽ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മത്സരിക്കാൻ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. ആസാദ് സമാജ് പാർട്ടി അധ്യക്ഷൻ കൂടിയായ ആസാദ് തന്നെയാണ് സ്ഥാനാർഥിയായി മത്സരിക്കാനുള്ള തീരുമാനം അറിയിച്ചത്.
34 കാരനായ ദളിത് നേതാവിന്റെ സ്ഥാനാർഥിത്വത്തോടെ ഗൊരഖ്പൂരിൽ മത്സരം കടുക്കും. ഗൊരഖ്പൂരിൽനിന്ന് മാറി അയോധ്യയിലോ മഥുരയിലോ യോഗി മത്സരിച്ചേക്കുമെന്ന് ആദ്യ ഘട്ടത്തിൽ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ബി.ജെ.പി. പ്രഖ്യാപിച്ചപ്പോൾ ആ സാധ്യത അവസാനിച്ചു.
പ്രതിപക്ഷ കക്ഷികളായ എസ്.പിയും കോൺഗ്രസും ബി.എസ്.പിയും യോഗിക്കെതിരെ സ്ഥാനാർഥികളെ നിർത്തുമോ അതോ ചന്ദ്രശേഖർ ആസാദിനെ പിന്തുണക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. കോൺഗ്രസ് ആസാദിനെ പിന്തുണക്കാനാണ് എല്ലാ സാധ്യതയും.