വിവാഹത്തിന് മുമ്ബ് കുഞ്ഞ് ജനിച്ചു, മാനഹാനി ഭയന്ന് കഴുത്തുഞെരിച്ച്‌ കൊന്നു

May 13, 2023
22
Views

കമ്ബംമെട്ടില്‍ നവജാതശിശുവിനെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ദുരഭിമാനക്കൊലയെന്ന് അറസ്റ്റിലായ അവിവാഹിതരായ കമിതാക്കളുടെ വെളിപ്പെടുത്തല്‍.

നെടുങ്കണ്ടം: കമ്ബംമെട്ടില്‍ നവജാതശിശുവിനെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ദുരഭിമാനക്കൊലയെന്ന് അറസ്റ്റിലായ അവിവാഹിതരായ കമിതാക്കളുടെ വെളിപ്പെടുത്തല്‍.

ഒരുമിച്ച്‌ താമസിച്ചിരുന്ന അന്തര്‍സംസ്ഥാന തൊഴിലാളികളായ മധ്യപ്രദേശ് മാണ്ഡ്ല ജില്ലയില്‍ ബഹ്റടോള വാര്‍ഡ് നമ്ബര്‍ 16ല്‍ സാഥുറാം (23), വാര്‍ഡ് നമ്ബര്‍ 13ല്‍ മാലതി (21) എന്നിവരെയാണ് കമ്ബംമെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.

കമിതാക്കളായ ഇവര്‍ കുഞ്ഞ് ജനിച്ച ഉടന്‍ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഏഴിനാണ് സംഭവം. മാസങ്ങള്‍ക്ക് മുമ്ബ് കമ്ബംമെട്ട് ശാന്തിപുരം സ്വദേശിയുടെ കൃഷിയിടത്തില്‍ ജോലിക്കെത്തിയതായിരുന്നു ഇരുവരും. ദമ്ബതികള്‍ എന്ന വ്യാജേന സമീപത്തെ ഷെഡിലായിരുന്നു താമസം. പ്രസവത്തോടെ കുഞ്ഞ് മരിച്ചെന്നാണ് ഇവര്‍ നാട്ടുകാരെ ധരിപ്പിച്ചത്. തുടര്‍ന്ന്, നാട്ടുകാര്‍ പൊലീസിലും ആരോഗ്യ വകുപ്പിലും അറിയിച്ചു.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍, കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികത ശ്രദ്ധയില്‍പെട്ടതോടെ പൊലീസ് വിശദമായി അന്വേഷിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചു. പ്രസവിച്ചയുടന്‍ മാലതി കുഞ്ഞിനെ ശുചിമുറിയില്‍ എത്തിച്ച്‌ സാഥുറാമിന്‍റെ സഹായത്തോടെ കഴുത്തുഞെരിച്ച്‌ കൊല്ലുകയായിരുന്നു. കുട്ടിയുടെ കഴുത്തില്‍ മൂന്ന് മുറിവും നഖത്തിന്റെ പാടുകളും ചങ്കില്‍ മര്‍ദിച്ച പാടുകളും കണ്ടെത്തി. വിവാഹിതരാകുംമുമ്ബ് കുഞ്ഞ് ജനിച്ചതായി ബന്ധുക്കള്‍ അറിഞ്ഞാലുള്ള മാനഹാനി ഭയന്നാണ് കൊലപ്പെടുത്തിയതെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു.

ശുചിമുറിയില്‍വെച്ച്‌ കൊലനടത്തിയ ശേഷം കുട്ടി മരിച്ചെന്ന ധാരണയില്‍ ഇവര്‍ താമസിക്കുന്ന ഷെഡില്‍ കൊണ്ടുപോയി കിടത്തി. പ്രസവിച്ചപ്പോള്‍തന്നെ കുട്ടി ശുചിമുറിയിലെ ക്ലോസറ്റില്‍ വീണ് മരിച്ചെന്ന് ഇവര്‍ വീട്ടുടമയെ അറിയിച്ചു. സ്ഥലത്തെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ കുഞ്ഞിന് നേരിയ ശ്വാസോച്ഛാസം കാണുകയും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ആശുപത്രിയില്‍ എത്തുന്നതിന് മുമ്ബ് കുഞ്ഞ് മരിച്ചു. പ്രസവത്തെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യമുണ്ടായ മാലതിയെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

വെള്ളിയാഴ്ചയാണ് ഇരുവരുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച്‌ തെളിവെടുത്തു. കമ്ബംമെട്ട് സി.ഐ വി.എസ്. അനില്‍കുമാര്‍, പൊലീസ് ഓഫിസര്‍മാരായ സണ്ണി, ഷാജി, സാബു, ഏലിയാമ്മ, വി.എം. ജോസഫ്, ജെറിന്‍ ടി. വര്‍ഗീസ്, സുധീഷ്, ജോസിമോള്‍ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *