മൂന്നുദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ കരച്ചില്‍ തടയാൻ നഴ്സ് ചുണ്ടില്‍ പ്ലാസ്റ്ററൊട്ടിച്ചു.
മുംബൈ: മൂന്നുദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ കരച്ചില്‍ തടയാൻ നഴ്സ് ചുണ്ടില്‍ പ്ലാസ്റ്ററൊട്ടിച്ചു. ഇതേത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ നഴ്സിനെ സസ്പെൻഡു ചെയ്തു.
ജൂണ്‍ രണ്ടിന് ഭാണ്ടൂപ്പ് വെസ്റ്റിലെ സാവിത്രിബായ് ഫുലെ മെറ്റേണിറ്റി ആശുപത്രിയിലായിരുന്നു സംഭവം. ഭാണ്ടൂപ്പ് നിവാസിയായ പ്രിയ കാംബ്ലയുടെ ആണ്‍കുഞ്ഞിന്റെ ചുണ്ടിലാണ് നഴ്സ് പ്ലാസ്റ്ററൊട്ടിച്ചത്. പ്രസവിച്ചയുടനെ മഞ്ഞപ്പിത്തം പിടിപെട്ടതിനാല്‍ കുഞ്ഞ് തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
രാത്രി മുലപ്പാല്‍ നല്‍കാൻ തീവ്രപരിചരണ വിഭാഗത്തിലേക്കുവന്ന പ്രിയ കുഞ്ഞിന്റെ ചുണ്ടില്‍ പ്ലാസ്റ്ററൊട്ടിച്ചത് കണ്ടു. മുലപ്പാല്‍ നല്‍കണമെന്നും പ്ലാസ്റ്റര്‍ നീക്കണമെന്നും നഴ്സിനോട് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. അടുത്തദിവസം രവിലെ എട്ടിനുവന്ന് മുലപ്പാല്‍ നല്‍കാനായിരുന്നു നിര്‍ദേശം.
രണ്ടുമണിക്കൂര്‍ ഇടവിട്ട് മുലപ്പാല്‍ നല്‍കണമെന്ന് ഡോക്ടര്‍ പറഞ്ഞതാണെന്നറിയിച്ചിട്ടും നഴ്സ് വഴങ്ങിയില്ല. രാത്രി ഒരുമണിയോടെ പ്രിയ വീണ്ടും ഇവിടെയെത്തിയെങ്കിലും കുഞ്ഞിന്റെ ചുണ്ടിലെ പ്ലാസ്റ്റര്‍ നീക്കം ചെയ്തിരുന്നില്ല. മറ്റുചില കുഞ്ഞുങ്ങളുടെ ചുണ്ടിലും ഇതേരീതിയില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചിരുന്നതായും പ്രിയ പറഞ്ഞു.
പിന്നീട് സ്ഥലം കോര്‍പ്പറേറ്ററായ ജാഗൃതി പാട്ടീലിനെ വിവരമറിയിച്ചു. അവരെത്തിയതോടെ കുഞ്ഞുങ്ങളുടെ ചുണ്ടിലെ പ്ലാസ്റ്റര്‍ മാറ്റുകയും കോര്‍പ്പറേറ്റര്‍ നല്‍കിയ പരാതിയില്‍ ആശുപത്രി അധികാരികള്‍ നഴ്സിനെതിരേ നടപടി സ്വീകരിക്കുകയുമായിരുന്നു. സംഭവത്തില്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.