ന്യൂ ഡെൽഹി: സുപ്രീം കോടതിയിൽ കേരളത്തിനെതിരെ നിലപാടുമായി തമിഴ്നാട്. ബേബി ഡാം ശക്തിപ്പെടുത്താനുള്ള നീക്കം കേരളം തടസ്സപ്പെടുത്തുന്നതായി തമിഴ്നാട് സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. 142 അടിയായി ജലനിരപ്പ് ഉയർത്തണമെന്ന ആവശ്യവും തമിഴ്നാട് മുന്നോട്ടുവച്ചിട്ടുണ്ട്.
മുല്ലപ്പെരിയാർ കേസ് ശനിയാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് തമിഴ്നാട് സർക്കാർ വെള്ളിയാഴ്ച രാത്രി സത്യവാങ്മൂലം സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കേരള സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിന് മറുപടിയായാണ് തമിഴ്നാട് പുതിയ സത്യവാങ്മൂലം.
മുല്ലപ്പെരിയാർ അണക്കെട്ട് നിലവിൽ സുരക്ഷിതമാണെന്നാണ് സത്യവാങ്മൂലത്തിൽ തമിഴ്നാട് ഉന്നയിക്കുന്ന പ്രധാന വാദം. കേരളം ഉന്നയിക്കുന്നത് പോലുള്ള പ്രതിസന്ധികൾ മുല്ലപ്പെരിയാറിന്റെ സാഹചര്യത്തിൽ ഇല്ല. ബേബി ഡാം ശക്തിപ്പെടുത്തുന്നത് വഴി ജലനിരപ്പ് 152 അടിവരെയായി ഉയർത്താമെന്ന് നേരത്തെ സുപ്രീം കോടതി വ്യക്തമാക്കിയ കാര്യവും തമിഴ്നാട് ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര ജലകമ്മീഷൻ അംഗീകരിച്ച റൂൾകർവ് സുപ്രീം കോടതിയും അംഗീകരിക്കണമെന്നും തമിഴ്നാട് ആവശ്യപ്പെടുന്നു.
കേരളത്തിലെ സമീപകാല വിവാദങ്ങളെ സംബന്ധിച്ച് ഒരു വ്യത്യസ്തമായ നിലപാടാണ് തമിഴ്നാട് സർക്കാർ ഈ സത്യവാങ്മൂലത്തിലൂടെ സ്വീകരിച്ചിരിക്കുന്നത്. ബേബി ഡാമിലെ മരങ്ങൾ മുറിക്കാൻ കേരളം അനുവദിക്കുന്നില്ലെന്ന് തമിഴ്നാട് സത്യവാങ്മൂലത്തിൽ പറയുന്നു. ഈ വിഷയത്തിൽ പിന്നീടുണ്ടായ വിവാദങ്ങളൊന്നും പരാമർശിക്കുന്നുമില്ല. കോടതിയിൽ തമിഴ്നാട് ഈ വിഷയത്തിൽ എന്ത് നിലപാടാണ് സ്വീകരിക്കുക എന്നത് നിർണായകമാണ്.