മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തണമെന്ന് കേരളത്തോട് കേന്ദ്രജല കമ്മിഷന്റെ നിർദേശം. ഡാമിന്റെ അപ്രോച്ച് റോഡും ബലപ്പെടുത്തണമെന്നും കേന്ദ്രം സംസ്ഥാന ജലവിഭവ വകുപ്പിനോട് കത്തിൽ ആവശ്യപ്പെട്ടു .തമിഴ്‌നാടിന്റെ നിർദേശപ്രകാരമാണ് കേന്ദ്രജല കമ്മിഷൻ സംസ്ഥാന ജലവിഭവ വകുപ്പിന് കത്തയച്ചത്.
കേന്ദ്ര ജല കമ്മിഷന് ഇക്കാര്യത്തിൽ നിലപാടെടുക്കാൻ കഴിയില്ലെന്ന് സംസ്ഥാന സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. കാരണം വിഷയത്തിൽ തീരുമാനം എടുക്കണ്ടത് സുപ്രിംകോടതിയോ അല്ലെങ്കിൽ കേന്ദ്രസർക്കാരിന്റേയോ നിർദേശത്തോടെയോ ആണെന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്നത്.
ഇതിനിടെ മുല്ലപ്പെരിയാർ മരംമുറി ഉത്തരവ് റദ്ദാക്കാനാകുമോ എന്ന് സംസ്ഥാന സർക്കാർ നിയമോപദേശം തേടി. അഡ്വക്കേറ്റ് ജനറലിനോടും സുപ്രിം കോടതിയിൽ സർക്കാരിനുവേണ്ടി ഹാജരാകുന്ന അഭിഭാഷകനോടുമാണ് സർക്കാർ നിയമോപദേശം തേടിയത്. ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടി നിയമോപദേശം തേടിയതിന് ശേഷം. വിവാദ ഉത്തരവ് പുറത്തിറക്കിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചനെതിരെ മാത്രം നടപടിയെടുത്താൽ ചോദ്യം ചെയ്യപ്പെടുമോയെന്ന് സർക്കാരിന് ആശങ്കയുണ്ട്.