നടിയെ ആക്രമിച്ച കേസില്‍ നടത്തിയ വെളിപ്പെടുത്തലില്‍ പൊലീസിന് തന്റെ കയ്യിലുള്ള രേഖകള്‍ കൈമാറിയിട്ടുണ്ടെന്ന് ബാലചന്ദ്ര കുമാര്‍. മൊഴി രേഖപ്പെടുത്തുകയും പരിശോധനയ്ക്കായി തന്റെ ഫോണ്‍ അടക്കം നല്‍കിയിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. അതേസമയം, കേസില്‍ ഐപിസി സെക്ഷൻ 164 പ്രകാരം തന്റെ രഹസ്യ മൊഴി ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചതായും ബാലചന്ദ്ര കുമാര്‍ വ്യക്തമാക്കി.കേസില്‍ തന്റെ പരാതി അനുസരിച്ച് മൂന്ന് കാര്യങ്ങളാണ് പൊലീസ് പ്രധാനമായും ചോദിച്ചറിഞ്ഞതെന്ന് ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി. ഒന്ന്, ദിലീപിന്റെ വീട്ടില്‍ പള്‍സര്‍ സുനിയെ കണ്ടു എന്നത്. രണ്ട്, കേസിലെ സാക്ഷിയെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവെന്നത്. മൂന്ന്, കേസുമായി ബന്ധപ്പെട്ടുള്ള വിഐപിയുടെ പങ്ക്.
ഉന്നതന്റെ പങ്ക് എന്ന് പറയുമ്പോഴും അത് ആരാണ് എന്നതില്‍ ഇതുവരെ വ്യക്തമായിട്ടില്ല. ഈ വിഐപിയാണ് വീഡിയോ അവിടെ എത്തിച്ചതെന്നും അത് അവര്‍ കണ്ടുവെന്നതുമാണ് മൊഴി. അന്വേഷണത്തിന്റെ ഭാഗമായി ചില ശബ്ദരേഖകളും ഫോട്ടോകളും പൊലീസ് കാണിച്ചു. ഇതില്‍ ഒരു ഫോട്ടോ കണ്ടപ്പോള്‍ അദ്ദേഹമായിരിക്കാമെന്ന് താന്‍ പറഞ്ഞു. നാല് വര്‍ഷം മുമ്പ് നടന്ന സംഭവമാണ്. ഒരിക്കല്‍ മാത്രമാണ് ഈ വിഐപിയെ കണ്ടിട്ടുള്ളത് അദ്ദേഹം എന്റെ അടുത്ത് ഇരുന്നിട്ടുള്ളതുകൊണ്ട് തന്നെ കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കുംമെന്ന് പൊലീസിനെ അറിയിച്ചതായും ബാലചന്ദ്ര കുമാര്‍ വ്യക്തമാക്കി.
ദിലീപിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് ഈ വിഐപി. കാവ്യ മാധവന്‍ അദ്ദേഹത്തെ ‘ഇക്ക’ എന്നാണ് വിളിച്ചത്. അദ്ദേഹം വന്നിരുന്നിരുന്നപ്പോള്‍ എല്ലാവരും നല്ല പരിചയം ഉള്ളതായി തന്നെയാണ് തോന്നിയത്. അദ്ദേഹത്തിന്റെ പേര് പ്രതിപാദിക്കുന്ന ഒരു ശബ്ദരേഖയുണ്ടെന്നും അത് പരിശോധിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും ബാലചന്ദ്ര കുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.സംഭവത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറികാര്‍ഡ് ദിലീപിന് കൈമാറിയതില്‍ ഒരു ഉന്നതന് പങ്കുണ്ടെന്നായിരുന്നു ബാലചന്ദ്ര കുമാര്‍ നേരത്തെ റിപ്പോര്‍ട്ടര്‍ ടിവിയോട് നടത്തിയ വെളിപ്പെടുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ തുടര്‍ അന്വേഷണത്തിന് കോടതി അനുമതി നല്‍കിയത്.