തിരുവനന്തപുരം: ആശ വർക്കർമാരുടെ ഹോണറേറിയം വിതരണത്തിനും ദേശീയ ആരോഗ്യ മിഷനു(എൻഎച്ച്‌എം)മായി 99.16 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഈ ഇനത്തിൽ 24.16 കോടി രൂപയാണ് ബജറ്റ് വിഹിതമായി അവശേഷിച്ചിരുന്നത്. എൻഎച്ച്‌എമ്മിന് കേന്ദ്ര വിഹിതം നിഷേധിക്കുന്ന സാഹചര്യത്തിൽ അധിക വിഹിതമായി 75 കോടി രൂപകൂടി ലഭ്യമാക്കുകയാണെന്ന് ധനമന്ത്രി വ്യക്തമാക്കി.
മിഷന് കേന്ദ്ര വിഹിതവും സംസ്ഥാനം മുൻകൂർ നൽകേണ്ട സ്ഥിതിയാണ്. കേന്ദ്ര വിഹിതം 371 കോടി രൂപ ലഭ്യമാക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇത് നാലു ഗഡുക്കളായി അനുവദിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിപ്പിലുണ്ടായിരുന്നു. സാമ്പത്തിക വർഷത്തിൽ പത്തു മാസം കഴിഞ്ഞിട്ടും ഒരു രൂപപോലും കേന്ദ്രം നൽകിയിട്ടില്ല. സംസ്ഥാന വിഹിതമായി 228 കോടി രുപയും, കേന്ദ്ര വിഹിതം മുൻകൂറായി 236.66 കോടി രൂപയും നേരത്തെ സംസ്ഥാനം നൽകിയിരുന്നു. കേന്ദ്ര വിഹിതം ലഭിക്കാത്തതിനാൽ മരുന്നിന്റെ പണം അടക്കം സമയത്തിന് നൽകാനാകാത്ത സ്ഥിതിയുണ്ട്. ആശ വർക്കർമാരുടെ പ്രതിഫലം, 108 ആബുലൻസ് ജീവനക്കാരുടെ വേതനം ഉൾപ്പെടെ കുടിശികയാകുന്ന സാഹചര്യത്തിലാണ് സംസ്ഥാന ഇടപെടൽ.
കേന്ദ്ര സർക്കാർ നിർദേശിച്ച ബ്രാൻഡിങ് നടപ്പാക്കുന്നില്ലെന്ന പേരിലാണ് എൻഎച്ച്‌എമ്മിന് സമ്മതിച്ച തുകപോലും കേന്ദ്രം തടഞ്ഞുവയ്‌ക്കുന്നത്. കേന്ദ്ര വിഹിതമുള്ളതും ഏതെങ്കിലും തരത്തിൽ കേന്ദ്ര സഹായമുള്ളതുമായ പദ്ധതികളിലെല്ലാം കേന്ദ്ര സർക്കാർ നിർദേശിക്കുന്ന പ്രചരണ സാമഗ്രികൾ ഉപയോഗിക്കണമെന്ന് നിർബന്ധം പിടിക്കുന്നു. ഈ സാഹചര്യത്തിലാണ് പദ്ധതിയുടെ കേന്ദ്ര വിഹിതം സംസ്ഥാനം മൂൻകൂർ തുക നൽകുന്നത്.