വോട്ടെണ്ണല്‍; കര്‍ണാടകയില്‍ അഞ്ച് ദിവസം മദ്യവില്‍പ്പന നിരോധിച്ചു

June 1, 2024
32
Views

ബംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലും നിയമസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പും വോട്ടെണ്ണലും കണക്കിലെടുത്ത് കർണാടകയില്‍ ഈ ആഴ്ച അഞ്ച് ദിവസം മദ്യവില്‍പ്പന നിരോധിച്ചു.

നിയമസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പും ജൂണ്‍ നാലിന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനവും നടക്കുന്നതിനാലാണ് ഇന്ന് മുതല്‍ നാലാം തീയതി വരെ മദ്യവില്‍പ്പന നിരോധിച്ചത്. നിയമസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്ന ജൂണ്‍ ആറിനും ഡ്രൈ ഡേ ആയിരിക്കുമെന്ന് കർണാടക സർക്കാർ അറിയിച്ചു.

1951ലെ ജനപ്രാതിനിധ്യ നിയമം അനുസരിച്ചാണ് മദ്യവില്‍പ്പനയും ഉപഭോഗവും നിരോധിച്ചത്. മേല്‍ സൂചിപ്പിച്ച തീയതികളില്‍ മദ്യത്തിന്റെ ഉത്പാദനം, വില്‍പ്പന, വിതരണം, സംഭരണം എന്നിവയ്ക്ക് നിരോധനം ബാധകമാണെന്ന് സംസ്ഥാനത്തെ എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മദ്യശാലകള്‍, വൈൻ ഷോപ്പുകള്‍, ബാറുകള്‍, മദ്യം നല്‍കാൻ അനുമതിയുള്ള ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയ്ക്കാണ് ഉത്തരവ് ബാധകം.

അതേസമയം, കേരളത്തില്‍ ഇന്നും നാലാം തീയതിയും സമ്ബൂർണ ഡ്രൈ ഡേ ആയിരിക്കുമെന്ന് ബെവ്‌കോ അധികൃതർ അറിയിച്ചു. ഒന്നാം തീയതിയായ ഇന്ന് സ്ഥിരം ഡ്രൈ ഡേയും, നാലാം തീയതി ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആയത് കൊണ്ടുമാണ് മദ്യനിരോധനം.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *