ജി20 ഉച്ചകോടിയില്‍ മോദിയുടെ നെയിം പ്ളേറ്റ് ‘ഭാരത്’

September 9, 2023
36
Views


ന്യൂഡല്‍ഹി: പതിനെട്ടാമത് ജി20 ഉച്ചകോടിയ്ക്ക് ഡല്‍ഹിയില്‍ തുടക്കമായിരിക്കുകയാണ്. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മുന്നിലായി വച്ചിരിക്കുന്ന രാജ്യത്തിന്റെ നെയിം പ്ളേറ്റ് ശ്രദ്ധനേടുന്നു.

രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്നാണ് നെയിം പ്ളേറ്റില്‍ വ്യക്തമാക്കുന്നത്. സമ്മേളനത്തില്‍ ഉദ്ഘാടന പ്രസംഗം നടത്തുമ്ബോള്‍ മോദിയ്ക്ക് മുന്നിലായി സ്ഥാപിച്ചിരിക്കുന്ന ‘ഭാരത്’ നെയിം പ്ളേറ്റിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുകയാണ്.

രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് പ്രധാനമന്ത്രിയുടെ നെയിം പ്ളേറ്റ് ച‌ര്‍ച്ചയാകുന്നത്.’പ്രസിഡന്റ് ഒഫ് ഭാരത്’ എന്ന പേരില്‍ രാഷ്ട്രപതിയുടെ ക്ഷണക്കത്ത് നേരത്തെ പുറത്തുവന്നതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തുന്ന രാഷ്ട്രത്തലവൻമാരെ അത്താഴ വിരുന്നിന് ക്ഷണിച്ചു കൊണ്ട് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ പേരില്‍ രാഷ്ട്രപതി ഭവനില്‍ നിന്ന് നല്‍കിയ കത്തുകളില്‍ ‘പ്രസിഡന്റ് ഒഫ് ഭാരത്’ എന്ന് രേഖപ്പെടുത്തിയതോടെയാണ് വിഷയം വിവാദമായത്.

പിന്നാലെ പ്രധാനമന്ത്രി നടത്തിയ ഇന്തോനേഷ്യൻ പര്യടനത്തിന്റെ ഔദ്യോഗിക കുറിപ്പിലും രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കിയിരുന്നു. പ്രൈംമിനിസ്റ്റര്‍ ഒഫ് ഭാരത് എന്ന പേരില്‍ പ്രധാനമന്ത്രിയുടെ വിദേശ പര്യടന രേഖയും പുറത്തുവന്നതോടെ പേരുമാറ്റം അഭ്യൂഹം ശക്തമായി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ ഒന്നില്‍ രണ്ടു പേരുകളും പരാമര്‍ശിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക നാമം ഇന്ത്യയാണ്. ഇതില്‍ ഭേദഗതി വരുത്തി ഭാരതമെന്ന ഒറ്റപ്പേരിലേയ്ക്ക് മാറാനാണ് നീക്കം. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്ക് നല്‍കുന്ന സംക്ഷിപ്ത രേഖയുടെ ആമുഖത്തിലും ‘ഭാരതം, ജനാധിപത്യത്തിന്റെ മാതാവ്” എന്ന തലക്കെട്ടുണ്ട്. ജി 20 ഉച്ചകോടി വേദിയുടെ പേര് ഭാരത് മണ്ഡപമെന്നാണ്. ഇതിനിടെയാണ് മോദിയുടെ നെയിം പ്ളേറ്റിലും ഭാരത് എന്ന് ആക്കിയിരിക്കുന്നത്.

Article Categories:
Latest News

Leave a Reply

Your email address will not be published. Required fields are marked *