തിരുവനന്തപുരം: ദേശീയ തലത്തിൽ ഈ മാസം 27 ന് പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന് ഇടതുമുന്നണി പിന്തുണ പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന ഇടതുമുന്നണി നേതൃയോഗമാണ് പിന്തുണ അറിയിച്ചത്. ഇതോടെ കേരളത്തിലും ഈ ദിവസം ഹർത്താലാകും.
അതേസമയം സംസ്ഥാനത്ത് വൻ വിവാദമായിരിക്കുന്ന പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിന്റെ നാർകോടിക് ജിഹാദ് പരാമർശം ഇടതുമുന്നണി യോഗത്തിൽ ചർച്ചയായില്ല. സർക്കാർ നിലപാട് വ്യക്തമായി വിശദീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതോടെ ഈ വിഷയത്തിൽ തുടർ ചർച്ചകൾ വേണ്ടെന്ന് മുന്നണി യോഗം തീരുമാനമെടുത്തു.
കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയാണ് 27 ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. മോട്ടോർ വാഹന തൊഴിലാളികളും കർഷകരും ബാങ്ക് ജീവനക്കാരുമടക്കം നൂറിലേറെ സംഘടനകൾ ഭാരത് ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇടത് പാർട്ടികൾ നേരത്തെ തന്നെ ബന്ദിനെ അനുകൂലിച്ചിരുന്നു. തൊഴിലാളി സംഘടനകളും സമരത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.
വിവാദ കാർഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകളാണ് ഈ മാസം 27ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. ബന്ദിന് പൂർണ പിന്തുണ നൽകുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ. ബിഎംഎസ് ഒഴികെയുള എല്ലാ ട്രേഡ് യൂണിയനുകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ ഭരണകക്ഷി തന്നെ പിന്തുണ പ്രഖ്യാപിച്ചതോടെ ഹർത്താൽ പ്രതീതിയായിരിക്കുമെന്ന് ഉറപ്പായി.