തെരുവുകളില്‍ അഭ്യാസം; ക്വാഡ് ബൈക്കുകള്‍ പിടിച്ചെടുത്തു

November 25, 2023
32
Views

തെരുവുകളിലും താമസകേന്ദ്രങ്ങളിലും അഭ്യാസപ്രകടനവും ബഹളവുമുണ്ടാക്കിയതായ പരാതിയെ തുടര്‍ന്ന് ദുബൈ പൊലീസ് നിരവധി ക്വാഡ് ബൈക്കുകള്‍ പിടിച്ചെടുത്തു.

ദുബൈ: തെരുവുകളിലും താമസകേന്ദ്രങ്ങളിലും അഭ്യാസപ്രകടനവും ബഹളവുമുണ്ടാക്കിയതായ പരാതിയെ തുടര്‍ന്ന് ദുബൈ പൊലീസ് നിരവധി ക്വാഡ് ബൈക്കുകള്‍ പിടിച്ചെടുത്തു.

സംഭവത്തില്‍ അന്വേഷണം നടത്തിയ പൊലീസ് ബൈക്കുകള്‍ ഉപയോഗിച്ചത് കുട്ടികളാണെന്ന് കണ്ടെത്തി. നാല് ടയറുള്ള, ഓഫ് റോഡ് ഡ്രൈവിങ്ങിന് ഉപയോഗിക്കുന്ന ബൈക്കുകള്‍ തണുപ്പുകാലത്ത് വ്യാപകമാകാറുണ്ട്. ഇതാണ് കുട്ടികള്‍ രാത്രി റോഡുകളില്‍ വൻ ശബ്ദത്തോടെ അലക്ഷ്യമായി ഓടിക്കുന്നത് കണ്ടെത്തിയത്. പൊലീസ് പട്രോളിങ് സംഘം ഇത്തരം റൈഡര്‍മാരെ വീട് വരെ പിന്തുടര്‍ന്നാണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്.

താമസക്കാര്‍ക്ക് പ്രയാസമുണ്ടാക്കുന്ന രീതിയില്‍ കുട്ടികള്‍ ബൈക്കുകള്‍ ഉപയോഗിക്കുന്നത് രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് ദുബൈ പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടര്‍ മേജര്‍ ജന. സൈഫ് മുഹൈര്‍ അല്‍ മസ്റൂയി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സാധാരണ റോഡുകളില്‍ ക്വാഡ് ബൈക്കുകള്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

റോഡില്‍നിന്ന് പിടികൂടുന്ന ഇത്തരം ബൈക്കുകള്‍ വിട്ടുകിട്ടാൻ 50,000 ദിര്‍ഹം വരെ പിഴ അടക്കേണ്ടി വരും. മണല്‍ മേഖലകളിലും സമാന സ്ഥലങ്ങളിലും ഓടിക്കുന്നതിന് രൂപകല്‍പന ചെയ്തതാണ് ബൈക്കുകളെന്നും നിയമവിരുദ്ധമായി ഇവ ഉപയോഗിക്കുന്നത് രക്ഷിതാക്കള്‍ കുട്ടികളെ അപകടം ക്ഷണിച്ചുവരുത്തലാണെന്നും അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.

കുട്ടികള്‍ വരുത്തുന്ന അപകടങ്ങള്‍ക്ക് രക്ഷിതാക്കള്‍ ഉത്തരവാദികളായിരിക്കും. കുട്ടികള്‍ക്ക് വേണ്ടി അത്തരം വാഹനങ്ങള്‍ വാങ്ങിനല്‍കുന്നത് ഒഴിവാക്കണം. പ്രായവ്യത്യാസമില്ലാതെ മിക്ക വിനോദ മോട്ടോര്‍സൈക്കിള്‍ റൈഡര്‍മാരും ശരിയായ ഡ്രൈവിങ് പാലിക്കുന്നതില്‍ പരാജയപ്പെടുന്നുവെന്നും പ്രസ്താവന കൂട്ടിച്ചേര്‍ത്തു. ഇത്തരം നിയമലംഘനങ്ങള്‍ ദുബൈ പൊലീസ് ആപ്പിലെ ‘പൊലീസ് ഐ’സേവനം വഴിയോ ‘വി ആര്‍ ഓള്‍ പൊലീസ്’ എന്ന ഹോട്ട്‌ലൈനിലേക്ക് 901 നമ്ബറില്‍ വിളിച്ചോ റിപ്പോര്‍ട്ട് ചെയ്യാമെന്നും അറിയിച്ചു.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *