കാലാവസ്ഥ മോശമായതിനാല്‍ യാത്ര വേണ്ടെന്നുവയ്ക്കണമെന്ന് ജനറല്‍ ബിപിന്‍ റാവത്തിനു നിര്‍ദേശമുണ്ടായിരുന്നതായി സൂചന. രാവിലെ 10നും 10.30നും രണ്ടു തവണ അദ്ദേഹത്തെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും റോഡ് മാര്‍ഗം വെല്ലിങ്ടണിലേക്ക് പോകുന്നതിനുള്ള സന്നാഹങ്ങളും ഒരുക്കിയിരുന്നതായി സേനാ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ യാത്രയുമായി മുന്നോട്ടു പോകാനുള്ള നിര്‍ദേശം റാവത്ത് തന്നെ നല്‍കുകയായിരുന്നോ എന്നു വ്യക്തമല്ല. കോയമ്ബത്തൂരില്‍നിന്ന് ബുധനാഴ്ച പകല്‍ 11.47ന് പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ ഉച്ചയ്ക്കു 12.20നാണ് തകര്‍ന്നുവീണത്. ലാന്‍ഡിങ്ങിന് 10 കിലോമീറ്റര്‍ മാത്രമകലെയായിരുന്നു അപകടം.
ഊട്ടി കൂനൂരിന് അടുത്ത് കാട്ടേരി ഹോട്ടികള്‍ചര്‍ പാര്‍ക്കിനു സമീപം നഞ്ചപ്പസത്രത്തിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. അപകടത്തില്‍ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തും ഭാര്യ മധുലികയും ഉള്‍പ്പെടെ കോപ്റ്ററിലുണ്ടായിരുന്ന 14ല്‍ 13പേരും മരിച്ചു. ഗുരുതരമായി പരുക്കേറ്റ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങ് വെല്ലിങ്ടണിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണം സംഭവിച്ചത്. ഹെലികോപ്റ്ററില്‍ നിന്ന് പുറത്തെടുക്കുമ്ബോള്‍ ജനറല്‍ ബിപിന്‍ റാവത്തിന് ജീവനുണ്ടായിരുന്നതായി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ മുതിര്‍ന്ന അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. അപകട സ്ഥലത്ത് നിന്ന് എടുത്തപ്പോള്‍ അദ്ദേഹം സ്വന്തം പേര് പറഞ്ഞിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയും 2009 സെപ്തംബര്‍ രണ്ടിന് സമാനമായ ഹെലികോപ്റ്റര്‍ ദുരന്തത്തിലാണ് കൊല്ലപ്പെട്ടത്. ചിറ്റൂരിലെ ഗ്രാമങ്ങളില്‍ സന്ദര്‍ശനത്തിനുള്ള യാത്രയ്ക്കിടെ വനപ്രദേശത്തുവച്ചായിരുന്നു ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. കാലാവസ്ഥ മോശമായതിനാല്‍ യാത്ര വേണ്ടെന്നുവയ്ക്കാന്‍ അദ്ദേഹത്തിനും അന്ന് നിര്‍ദേശം നല്‍കിയെങ്കിലും യാത്രയുമായി മുന്നോട്ടു പോകാന്‍ വൈ എസ് ആര്‍ തീരുമാനിക്കുകയായിരുന്നു.