സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിജെപി; ‘പ്രഹസനം’

December 20, 2021
125
Views

ആലപ്പുഴയിലെ സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിജെപി. കൊല്ലപ്പെട്ട ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രണ്‍ജിത് ശ്രീനിവാസിന്റെ പോസ്റ്റ്‌മോര്‍ട്ട് വൈകിപ്പിച്ച് ജില്ലാ ഭരണകൂടം അനാദരം കാട്ടിയെന്ന് ആരോപിച്ചാണ് സര്‍വ്വകക്ഷി യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എംപി ഗോപകുമാര്‍ അറിയിച്ചു. സര്‍വ്വകക്ഷി യോഗം വെറും പ്രഹസനം മാത്രമാണെന്ന് ബിജെപി നേതാവ് സന്ദീപ് വജസ്പതി റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

സര്‍വ്വകക്ഷി യോഗത്തിന്റെ സമയം തീരുമാനിച്ചത് കൂടിയാലോചിക്കാതെയാണെന്നും നിലവില്‍ തീരുമാനിച്ച സമയത്തില്‍ മാറ്റം വരുത്തിയാലും പങ്കെടുക്കില്ലെന്നും ബിജെപി അറിയിച്ചു. ഇന്ന് മൂന്ന് മണിക്ക് നടത്താനിരുന്ന സര്‍വ്വകക്ഷിയോഗം അഞ്ച് മണിയിലേക്ക് മാറ്റിയിരിക്കുകയാണ്. യോഗത്തില്‍ മന്ത്രിമാരും വിവിധ രാഷ്ടീയപാര്‍ട്ടി നേതാക്കളും ജില്ലയിലെ ജനപ്രതിനിധികളും പങ്കെടുക്കും. ജില്ലയില്‍ ഇന്നും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കൊല്ലപ്പെട്ട അഡ്വ. രജ്ഞിത്ത് ശ്രീനിവാസിന്റെ മൃതദേഹം വഹിച്ചുള്ള വിലാപ യാത്ര ഇന്ന് രാവിലെ 9 മണിക്ക് വണ്ടാനം മെഡിക്കല്‍ കോളെജ് മോര്‍ച്ചറിക്ക് സമീപത്ത് നിന്നുമാണ് ആരംഭിക്കുന്നത്. 9-30 ന് മൃതദേഹം ആലപ്പുഴ ജില്ലാ കോടതി വളപ്പില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം വലിയഴീക്കലുള്ള വീട്ടുവളപ്പില്‍ നടക്കും. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായ് ഇതിനകം കൊച്ചിയിലെത്തിയിട്ടുണ്ട്. ആലപ്പുഴയിലെത്തി മന്ത്രി രഞ്ജിത് ശ്രീനിവാസന്റെ ഭൗതികദേഹത്തില്‍ അന്ത്യോപചാരമര്‍പ്പിക്കും. കേരള പൊലീസിനോടും കേന്ദ്രമന്ത്രി റിപ്പോര്‍ട്ട് തേടും.

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് രണ്ട് ബിജെപി പ്രവര്‍ത്തകരാണ് പിടിയിലായത്. മണ്ണഞ്ചേരി സ്വദേശികളായ പ്രസാദ്, കൊച്ചുകുട്ടന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 11 എസ്ഡിപിഐ പ്രവര്‍ത്തകരും കസ്റ്റഡിയിലുണ്ട്. നാല് എസ്ഡിപിഐ പ്രവര്‍ത്തകരെ ആംബുലന്‍സില്‍നിന്നാണ് പിടികൂടിയത്. എന്നാല്‍ ഇവരുടെയൊന്നും കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. എസ്ഡിപിഐയുടെ ആംബുലന്‍സും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Article Categories:
Kerala · Latest News · Latest News · Politics

Leave a Reply

Your email address will not be published. Required fields are marked *