മുംബൈയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ‘ഐ ലവ് യു’ എന്ന് പറഞ്ഞു പുറകെ നടന്ന യുവാവിനെയാണ് ലൈംഗിക പീഡന കേസില്‍ നിന്ന് ബോംബെ ഹൈക്കോടതി വെറുതെ വിട്ടു.
ഇരുപത്തി രണ്ടുകാരനായ യുവാവാണ് കോടതിയുടെ പരിഗണനയില്‍ കുറ്റവിമുക്തനായത്. ഐ ലവ് യു എന്ന് പറയുന്നത് സ്നേഹ പ്രകടനമായി കണക്കാക്കാമെന്നാണ് കോടതിയുടെ നിരീക്ഷണം. പോക്സോ കേസിലെ പ്രതിയായ യുവാവാണ് ഇതോടെ നിയമ നടപടികളില്‍ നിന്ന് തടിയൂരിയത്.
പതിനേഴുകാരിയായ പെണ്കുട്ടിയോടായിരുന്നു യുവാവിന്റെ ‘സ്നേഹ പ്രകടനം’. എന്നാല്‍ ഇരയെ പ്രതി ആവര്‍ത്തിച്ച് പിന്തുടരുകയും ഐ ലവ് യു പറയുകയും ചെയ്തതായി പരാതിയില്‍ പരാമര്‍ശിച്ചിട്ടില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടുന്നത്.
ഐ ലവ് യു എന്ന് പെണ്‍കുട്ടിയോട് ഒറ്റ തവണ മാത്രം പറഞ്ഞ സംഭവം ഇരയോടുള്ള പ്രതിയുടെ സ്നേഹ പ്രകടനം മാത്രമായി പരിഗണിക്കാമെന്നും കോടതി നിരീക്ഷിക്കുന്നു. അതിനാല്‍ ഇരയുടെ മാന്യതയെ അപമാനിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ പ്രവൃത്തി ചെയ്തതെന്ന് പറയാനാവില്ലെന്നും കോടതി വ്യക്തമാക്കി.
പ്രതി ലൈംഗിക ഉദ്ദേശത്തോടെ ഇരയോട് പെരുമാറിയതിന് തെളിവ് ലഭിക്കാത്ത സാഹചര്യത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്നും സ്പെഷ്യല്‍ ജഡ്ജി കല്‍പ്പന പാട്ടില്‍ ഉത്തരവില്‍ പറയുന്നു.
2016 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടി പ്രദേശത്തെ പൊതു കുളിമുറിയിലേക്ക് പോകുമ്പോഴാണ് പ്രതി പുറകെ പിന്തുടര്ന്ന് ഐ ലവ് യു എന്ന് പറഞ്ഞിരുന്നത്. പിന്നീട് യുവാവ് പെണ്‍കുട്ടിയെ കണ്ണിറുക്കി കാണിക്കുകയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍ ഇതിന് തെളിവുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ യുവാവിനെതിരെ കേസെടുക്കേണ്ട ആവശ്യമില്ലെന്ന് കോടതി ഉത്തരവില്‍ പരാമര്‍ശിച്ചു.