ന്യൂ ഡെൽഹി: രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ബൂസ്റ്റർ ഡോസുകൾ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ആദ്യം സ്വീകരിച്ചതിൽനിന്ന് വ്യത്യസ്തമായ വാക്സിനായിരിക്കും ബൂസ്റ്റർ ഡോസായി നൽകുകയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.
ആദ്യ രണ്ട് ഡോസുകളും ഒരേ വാക്സിൻ ആയിരിക്കും സ്വീകരിച്ചിരിക്കുക. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായ മറ്റൊരു വാക്സിനാകും ബൂസ്റ്റർ ഡോസായി ലഭിക്കുക. ഇത് സംബന്ധിച്ചുള്ള മാർഗനിർദേശം കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉടൻ പുറത്തിറക്കിയേക്കും. ആരോഗ്യ വകുപ്പും കൊറോണ മുന്നണിപോരാളികൾക്കും ഒപ്പം ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ള 60 വയസ്സ് പിന്നിട്ടവർക്കുമാണ് ബൂസ്റ്റർ ഡോസ് നൽകുകയെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.
രാജ്യത്ത് കൊറോണ ഒമിക്രോൺ വകഭേദം ബാധിച്ചവരുടെ എണ്ണം വർധിക്കുന്നതായാണ് റിപ്പോർട്ട്. ഇന്ത്യയിൽ 422 പേർക്കാണ് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ രോഗികളുള്ളത്. സംസ്ഥാനത്ത് 108 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. തൊട്ടുപിന്നിലുള്ള ഡൽഹിയിൽ 79 ആണ് രോഗികളുടെ എണ്ണം. ഗുജറാത്തിൽ 43, തെലങ്കാന 41, കേരളത്തിൽ 38 എന്നിങ്ങനെയാണ് ഒമിക്രോൺ കേസുകളുടെ എണ്ണം.
ഒമിക്രോൺ രോഗികളുടെ എണ്ണം വർധിക്കുന്നതിൽ ആശങ്ക വേണ്ടെന്നും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുകയാണ് വേണ്ടതെന്നും രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. രാജ്യത്ത് ഒമിക്രോൺ കേസുകൾ ക്രമേണ വർധിക്കുകയാണെന്നും ഇന്ത്യയിൽ 2022 ജനുവരി അവസാനത്തോടെ കേസുകൾ വലിയ രീതിയിൽ വർധിക്കുമെന്നുമാണ് ആരോഗ്യ മേഖലയിലെ വിദഗ്ധർ പറഞ്ഞിരുന്നത്.
ഒമിക്രോണിനൊപ്പം ഡെൽറ്റ വകഭേദം സൃഷ്ടിക്കുന്ന ഭീഷണി പല സംസ്ഥാനങ്ങളിലും ഇപ്പോഴും തുടരുകയാണ്. ഡെൽറ്റയെക്കാൾ മൂന്നിരട്ടി കൂടുതലാണ് ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനതോത്. രാജ്യത്ത് കൊറോണ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന കേരളം ഉൾപ്പെടെയുള്ള പത്ത് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രം പ്രത്യേക സംഘത്തെ അയക്കാനും തീരുമാനിച്ചിട്ടുണ്ട്. വാക്സിനേഷൻ പ്രക്രിയയിൽ പിന്നിലുള്ള സംസ്ഥാനങ്ങളിലേക്കും കേന്ദ്ര സംഘം സന്ദർശനം നടത്തും.