മണിക്കൂറുകള്‍ നീണ്ട പരിശ്രമം വിഫലം; കുഴല്‍ക്കിണറില്‍ വീണയാള്‍ മരിച്ചു

March 10, 2024
35
Views

ഡല്‍ഹിയില്‍ 40 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണയാള്‍ മരിച്ചു.

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 40 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണയാള്‍ മരിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ കുഴല്‍ക്കിണറില്‍ വീണയാളെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

കേശോപൂര്‍ മാണ്ഡി ഏരിയയിലെ ജല്‍ ബോര്‍ഡ് പ്ലാന്റിലെ കുഴല്‍ക്കിണറില്‍ ഇന്ന് പുലര്‍ച്ചെയാണ് വീണത്. തുടക്കത്തില്‍ കുട്ടിയാണെന്ന അനുമാനത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുഴല്‍ക്കിണറില്‍ വീണത് കുട്ടിയല്ലെന്നും പ്രായപൂര്‍ത്തിയായ പുരുഷനാണെന്നും തിരിച്ചറിഞ്ഞത്. ഉച്ചയോടെയാണ് ഇതുവരെ തിരിച്ചറിയാന്‍ കഴിയാത്തയാളെ പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം കുഴല്‍ക്കിണറില്‍ വീണ സംഭവത്തില്‍ ദുരൂഹത തുടരുകയാണ്. ആരെങ്കിലും തള്ളിയിട്ടതാണോ എന്നതടക്കമാണ് അന്വേഷിക്കുന്നത്. മോഷണ ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണതാകാം എന്ന ദിശയിലും അന്വേഷണം നടക്കുന്നതായി ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. അടച്ച മുറിക്കുള്ളിലുള്ള കുഴല്‍ക്കിണറിന്റെ സമീപം എത്തിയത് സുരക്ഷാ വേലിയും പൂട്ടും തകര്‍ത്താകാമെന്നാണ് ഡല്‍ഹി മന്ത്രി അതിഷി പ്രതികരിച്ചത്. ‘കുഴല്‍ക്കിണര്‍ ഒരു അടച്ച മുറിക്കുള്ളിലായിരുന്നു, അത് ശരിയായി പൂട്ടിയിരുന്നു. അതിനാല്‍ അകത്ത് കയറിയവര്‍ പൂട്ട് തകര്‍ത്താണ് അകത്ത് കടന്നത്. അകത്ത് വീണത് ഒരു കുട്ടിയല്ല, 18 വയസ്സുള്ള ആളോ അതിലും പ്രായമുള്ള ആളോ ആകാം’- അതിഷിയുടെ വാക്കുകള്‍.

പുലര്‍ച്ചെ 1.15 ഓടേ ജല്‍ ബോര്‍ഡ് ജീവനക്കാരാനാണ് കുഴല്‍ക്കിണറില്‍ ആരോ വീണു എന്ന വിവരം പൊലീസിനെ അറിയിച്ചത്. രാത്രി മോഷണത്തിനായി ഓഫീസില്‍ എത്തിയപ്പോള്‍ ഒരാള്‍ കുഴല്‍ക്കിണറില്‍ വീണു എന്നായിരുന്നു സന്ദേശം. ഡല്‍ഹി ഫയര്‍ഫോഴ്‌സിന്റേയും ദേശീയ ദുരന്ത പ്രതികരണ സേനയുടേയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. കുഴല്‍ക്കിണറിന് സമാന്തരമായി കുഴിയെടുത്താണ് വീണയാളെ പുറത്തെടുത്തത്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *