ലണ്ടൻ: കൊറോണ നിയന്ത്രണങ്ങൾ ഒഴിവാക്കുകയാണെന്ന് ബ്രിട്ടൻ പ്രധാനമന്ത്രി ബോറിസ് ജോൺസൻ. നിർബന്ധമായും മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ അവസാനിപ്പിക്കുന്നതായി ബോറിസ് ജോൺസൺ പറഞ്ഞു. ഒമിക്രോൺ തരംഗം ദേശീയതലത്തിൽ ഉയർന്ന നിലയിലെത്തിയതായി വിദഗ്ധർ വിലയിരുത്തിയ ഘട്ടത്തിലാണ് ഈ തീരുമാനം.
വലിയ പരിപാടികൾക്ക് കൊറോണ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നതും അവസാനിപ്പിക്കും. രാജ്യത്ത് ഐസൊലേഷൻ ചടങ്ങളിലും മറ്റമുണ്ട്. രോഗം സ്ഥിരീകരിച്ചാൽ ഏഴ് ദിവസത്തെ ഐസൊലേഷൻ എന്നത് അഞ്ചായി കുറച്ചു. മാർച്ച് മാസത്തോടെ ഇതും അവസാനിപ്പിക്കാൻ സാധിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്ത് വാക്സിൻ നൽകിയ ആദ്യ രാജ്യമാണ് യുകെയെന്നും യൂറോപ്പിൽ ഏറ്റവും വേഗത്തിൽ വാക്സിൻ നൽകിയ രാജ്യങ്ങളിലൊന്നാണെന്നും ജോൺസൺ അവകാശപ്പെട്ടു. യൂറോപ്യൻ മെഡിസിൻസ് ഏജൻസിയെ ഒഴിവാക്കി സ്വയം വാക്സിൻ സംഭരണം നടത്തിയതിനാലാണ് ഇത് സാധ്യമായതെന്നും ജോൺസൺ പറഞ്ഞു.
ഔദ്യോഗിക വസതിയിൽ വിരുന്നൊരുക്കി ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ചെന്ന ആരോപണത്തിൽ വലിയ വിമർശനമാണ് ബോറിസ് ജോൺസണ് നേരിടേണ്ടി വന്നത്. ഈ വിഷയത്തിൽ രാജിയില്ലെന്ന് പറഞ്ഞതിന് പിന്നാലെയാണ് കൊറോണ
നിയന്ത്രണങ്ങൾ ഒഴിവാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.