ബാള്‍ട്ടിമോര്‍ പാലം തകരാനിടയായ അപകടം

March 27, 2024
49
Views

ബാള്‍ട്ടിമോർ പാലം തകരാൻ ഇടയാക്കിയ ചരക്ക് കപ്പലിലെ ജീവനക്കാരെല്ലാം ഇന്ത്യക്കാരാണെന്ന് കപ്പല്‍ കമ്ബനി.

ന്യൂയോർക്ക്: ബാള്‍ട്ടിമോർ പാലം തകരാൻ ഇടയാക്കിയ ചരക്ക് കപ്പലിലെ ജീവനക്കാരെല്ലാം ഇന്ത്യക്കാരാണെന്ന് കപ്പല്‍ കമ്ബനി.

ചരക്കുകപ്പലായ ദാലിയിലെ 22 ജീവനക്കാരും ഇന്ത്യക്കാരെന്ന് കപ്പല്‍ കമ്ബനിയായ സിനെർജി സ്ഥിരീകരിച്ചു. അപകടത്തില്‍ ആർക്കും പരിക്കേറ്റതായി വിവരമില്ല.

സിംഗപ്പുർ പതാകയുള്ള ദാലി, സിനെർജി മറൈൻ ഗ്രൂപ്പിന്റെ കപ്പലാണ്. ബാള്‍ട്ടിമോറില്‍ നിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് പോകുകയായിരുന്നു കപ്പല്‍. ബാള്‍ട്ടിമോറില്‍നിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് യാത്രതിരിച്ച്‌ മിനിറ്റുകള്‍ക്കുള്ളിലാണ് കപ്പല്‍ ഫ്രാൻസിസ് സ്കോട്ട് കീ പാലത്തില്‍ ഇടിച്ചത്. പാലത്തിന്റെ പ്രധാന തൂണില്‍ കപ്പല്‍ ഇടിച്ച്‌ പാലത്തിന്റെ വലിയൊരു ഭാഗം ഒന്നാകെ തകർന്നുവീണു.

അപകടത്തില്‍ കപ്പലിന് തീപിടിക്കുകയും ഡീസല്‍ നദിയില്‍ കലരുകയും ചെയ്തു. സംഭവസമയം പാലത്തിലൂടെ പോകുകയായിരുന്ന നിരവധി വാഹനങ്ങള്‍ വെള്ളത്തിലേക്ക് പതിച്ചു. വെള്ളത്തില്‍ വീണ് 20 പേരെ കാണാതായതായെന്നും ഏഴ് വാഹനങ്ങള്‍ നദിയിലേക്ക് വീണെന്നുമായിരുന്നു പ്രാദേശിക മാധ്യമങ്ങള്‍ ആദ്യം റിപ്പോർട്ട് ചെയ്തത്.

27 ദിവസം നീളുന്ന യാത്രാപദ്ധതിയായിരുന്നു അധികൃതർ കപ്പലിന് തയ്യാറാക്കിയിരുന്നത്. ഏപ്രില്‍ 22-ന് കപ്പല്‍ കൊളംബോയില്‍ എത്തിച്ചേരേണ്ടതായിരുന്നു. പനാമയില്‍നിന്നും മാർച്ച്‌ 19-നാണ് കപ്പല്‍ ന്യൂയോർക്കില്‍ എത്തിയത്. തുടർന്ന് ശനിയാഴ്ച ബാള്‍ട്ടിമോറിലേക്കെത്തി. രണ്ടുദിവസം ഇവിടെ തങ്ങിയ ശേഷം ചൊവ്വാഴ്ച പുലർച്ചെ ഒന്നോടെ ബാള്‍ട്ടിമോറില്‍നിന്ന് യാത്രതിരിച്ചെങ്കിലും അമേരിക്കൻ പ്രാദേശികസമയം 1.30-ഓടെ അപകടത്തില്‍പ്പെടുകയായിരുന്നു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *