തിരുവനന്തപുരം: സംസ്ഥാനത്ത് ബി.എസ്.6 പെട്രോൾ, സി.എൻ.ജി., എൽ.പി.ജി. വാഹനങ്ങളുടെ പുകപരിശോധന അവതാളത്തിൽ. കേന്ദ്ര സർക്കാരിന്റെ പരിവാഹൻ വെബ്സൈറ്റിൽ ഡിസംബർ 9-ന് വരുത്തിയ ഭേദഗതിക്കനുസരിച്ച് ‘ലാംബ്ഡ’ വാതകപരിശോധനകൂടി നടത്തിയാലേ പരിവാഹൻ സൈറ്റിൽനിന്ന് സർട്ടിഫിക്കറ്റ് കിട്ടുകയുള്ളൂ. ഇന്ധനം കത്തുമ്പോഴുള്ള ഓക്സിജന്റെ അനുപാതമാണ് ഇതിൽ അളക്കുന്നത്.
സംസ്ഥാനത്തെ പുകപരിശോധനാ കേന്ദ്രങ്ങളിൽ ഇത് പരിശോധിക്കാൻവേണ്ട ഗുണമേന്മയുള്ള ഉപകരണങ്ങളില്ലെന്നാണ് മോട്ടോർ വാഹനവകുപ്പ് പറയുന്നത്. ഗുണമേന്മയില്ലാത്ത ഉപകരണങ്ങളുപയോഗിച്ച് വ്യാജമായ സർട്ടിഫിക്കറ്റുകൾ ചില സ്ഥാപനങ്ങൾ നൽകുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു, തുടർന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ എം.ആർ. അജിത്ത് കുമാറിന്റെ നിർദേശപ്രകാരം പുകപരിശോധന ഉപകരണങ്ങളെക്കുറിച്ചും അതിന്റെ ഗുണമേന്മയെക്കുറിച്ചും പഠിക്കുവാനായി പാലക്കാട് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. ജയേഷിന്റെ നേതൃത്വത്തിൽ ഒരു സമിതിയെ നിയോഗിച്ചു.
സമിതി പുകപരിശോധനാ ഉപകരണങ്ങൾ നിർമിക്കുന്ന കമ്പനിയുടെയും പരിശോധനാ കേന്ദ്രങ്ങളുടെയും യോഗം വിളിച്ചു. മൊത്തത്തിൽ 11 കമ്പനികളുള്ളതിൽ ആറ് കമ്പനികൾ പാലക്കാട് നടന്ന യോഗത്തിൽ പങ്കെടുത്തു. ‘ലാംബ്ഡ’ പരിശോധനയ്ക്ക് ഇവർക്ക് വൈദഗ്ധ്യമില്ലെന്നാണ് സമിതിക്ക് പരിശോധനയിൽ ബോധ്യമായത്. 2020 ജനുവരി നാലുമുതലാണ് ബി.എസ്.6 വാഹനങ്ങൾ രജിസ്റ്റർചെയ്യുന്നത്. ഒരു വർഷത്തേക്ക് പുകപരിശോധന നടത്തേണ്ടതില്ല.
പരിവാഹൻ വെബ്സൈറ്റിൽ 2021 ഡിസംബർ മുതലാണ് പുതിയ സംവിധാനം വന്നതെങ്കിലും ഇതുവരെ വാഹനങ്ങൾക്ക് പരിശോധന നടത്താൻ സാധിച്ചിട്ടില്ല. പുക പരിശോധന കാലാവധി കഴിഞ്ഞാൽ പോലീസും മോട്ടോർ വാഹനവകുപ്പും പരിശോധന നടത്തി പിടിച്ചാൽ പിഴനൽകേണ്ടിവരുമെന്നാണ് വാഹനയുടമകളുടെ ആശങ്ക. പുകപരിശോധനാപ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ ബി.എസ്.6 വാഹനങ്ങളുടെ പുക സർട്ടിഫിക്കറ്റ് പരിശോധിക്കുന്നതിൽ ചെറിയ അയവ് വരുത്താൻ മോട്ടോർ വാഹനവകുപ്പിന് നിർദേശം ലഭിച്ചിട്ടുണ്ട്.