2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷത്തി ആറായിരം വ്യക്തിഭവനങ്ങളും 2950 ഫ്‌ളാറ്റുകളും നിര്‍മിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പിഎംഎവൈ പദ്ധതിയുടെ കേന്ദ്രവിഹിതമായ 327കോടി രൂപ ഉള്‍പ്പെടെ ലൈഫ് ഭവന പദ്ധതിക്കുള്ള ആകെ വിഹിതം 1871.82 കോടി രൂപയാണെന്ന് ധനമന്ത്രി സഭയില്‍ പറഞ്ഞു.
കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച നവകേരള കര്‍മപദ്ധതിയില്‍ ഉള്‍പ്പെട്ട നാല് മിഷനുകളില്‍ ഒന്നാണ് നവകേരള പദ്ധതി. ഇതുവരെ 2,76,465 വീടുകള്‍ ഇതുവരെ ലൈഫ് മിഷന് കീഴില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചുകഴിഞ്ഞു. മികച്ച സൗകര്യങ്ങളുള്ള ഭവനങ്ങളാണ് ഇത്തരത്തില്‍ നിര്‍മിച്ചിരിക്കുന്നത് എന്നും ബജറ്റ് പ്രഖ്യാപനത്തില്‍ മന്ത്രി വ്യക്തമാക്കി.സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ കണക്ക് പ്രകാരം കേരളത്തില്‍ ഏകദേശം 4.32 ലക്ഷം ഭവനരഹിത കുടുംബങ്ങളുണ്ട്.അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ ഭവനരഹിതര്‍ക്കും വീട് വെച്ചു കൊടുക്കുവാനും തൊഴില്‍ ചെയ്ത് ഉപജീവനം നിര്‍വഹിക്കുന്നതിനും സാമൂഹിക പ്രക്രിയകളില്‍ മാന്യമായി ഭാഗഭാക്കാകുന്നതിനുള്ള സംവിധാനവും ഒരുക്കുക എന്ന ഉദ്ദേശത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ദൗത്യമാണ് ലൈഫ് മിഷന്‍.