ഇനി ബുഷ് ബസാർ ഇല്ല: അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ കിട്ടുന്ന കാബൂളിലെ മാര്‍ക്കറ്റിന്റെ പേര് മാറ്റി താലിബാന്‍

October 14, 2021
214
Views

കാബൂൾ: മുൻ യു എസ് പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ പേരിട്ട അഫ്ഗാന്‍ മാര്‍ക്കറ്റിന്റെ പേര് താലിബാന്‍ മാറ്റി. കാബൂള്‍ നഗരപ്രാന്തത്തിനടുത്തുള്ള ഖവായി മര്‍ക്കസ് പ്രദേശത്തെ തിരക്കുള്ള മാര്‍ക്കറ്റിന്റെ ബുഷ് ബസാർ എന്ന പേരാണ് താലിബാന്‍ അധികൃതര്‍ മാറ്റിയത്. ഇനി മുതല്‍ ഈ അങ്ങാടിയുടെ പേര് മുജാഹിദീന്‍ ബസാര്‍ എന്നായിരിക്കുമെന്ന് താലിബാന്‍ അറിയിച്ചു.

14 വര്‍ഷം മുമ്പാണ് ഈ മാര്‍ക്കറ്റ് നിലവില്‍ വന്നത്. പ്രധാനമായും വിദേശ സാധനങ്ങളായിരുന്നു ഈ മാര്‍ക്കറ്റില്‍ ഉണ്ടായിരുന്നത്. അമേരിക്കന്‍ സൈനിക താവളങ്ങളില്‍നിന്നും കൊണ്ടുവരുന്ന ഗുണനിലവാരമുള്ള സാധനങ്ങള്‍ വില്‍ക്കുന്ന ഇടം എന്ന നിലയിലാണ് ഈ മാര്‍ക്കറ്റ് അതിവേഗം ശ്രദ്ധിക്കപ്പെട്ടത്. ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍, സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍, പ്രോട്ടീന്‍ പാനീയങ്ങള്‍, ഡിറ്റര്‍ജന്റുകള്‍ എന്നിവയായിരുന്നു ഇവിടെ പ്രധാനമായും വിറ്റുവന്നിരുന്നത്. ദൂര സ്ഥലങ്ങളില്‍നിന്നു പോലും അമേരിക്കന്‍ സാധനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ ഇവിടെ എത്തിയിരുന്നു.

എന്നാല്‍, താലിബാന്റെ രണ്ടാം വരവിനു തൊട്ടുമുമ്പായി അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്താന്‍ വിട്ടപ്പോള്‍ ഈ ബസാറിന്റെ സ്വഭാവം മാറി. അമേരിക്കന്‍ സൈനിക താവളങ്ങളില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകളില്‍ അതൊന്നും കിട്ടാതായി. അതോടെ, വിദേശ സാധനങ്ങള്‍ പൊതുവായി വില്‍ക്കുന്ന മാര്‍ക്കറ്റായി ഇതു മാറി.

500 കടകളും സ്റ്റാളുകളുമായി 500 ഓളം സ്ഥാപനങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഭരണമാറ്റത്തെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മുറുകിയതിനിടെ, ഇവിടത്തെ വ്യാപാരികള്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നത്. ഈ സാഹചര്യം പരിഹരിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന് മാര്‍ക്കറ്റിലൈ വ്യാപാരി നേതാക്കള്‍ പുതിയ താലിബാന്‍ ഭരണകൂടത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു. അതിന് പ്രത്യേക നടപടി ഒന്നും ഉണ്ടായില്ല. എന്നാല്‍, അടിയന്തരാടിസ്ഥാനത്തില്‍ തന്നെ മാര്‍ക്കറ്റിന്റെ പേര് മാറ്റുകയായിരുന്നു. മുജാഹിദ് (രക്തസാക്ഷി) ബസാര്‍ എന്നാണ് താലിബാന്‍ ഈ ബസാറിന് പേരിട്ടത്.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *