എന്താണ് സിഎഎ ? പൗരത്വം ആര്‍ക്കൊക്കെ ? ആരെയൊക്കെ ബാധിക്കും ? വിശദാംശങ്ങള്‍ അറിയാം

March 12, 2024
29
Views

പൗരത്വ നിയമ ഭേദഗതി (സിഎഎ) നടപ്പാക്കിക്കൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചതോടെ സിഎഎ പ്രാബല്യത്തിലായി.

2019ല്‍ പാര്‍ലമെന്റ് പാസാക്കിയ പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തതോടെയാണ് ഇന്ന് നിയമം പ്രാബല്യത്തിലായത്. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്രത്തിന്റെ ഈ സുപ്രധാന നീക്കം.

പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷ മതവിഭാഗത്തില്‍ പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള നടപടികള്‍ ആണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. 2019 ഡിസംബറിലാണ് സിഎഎ നിയമം പാർലമെന്റില്‍ പാസാക്കിയത്.

എന്താണ് സിഎഎ

പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് 2014ന് ഡിസംബര്‍ 31നോ അതിനു മുമ്ബോ എത്തിയ ആറു ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് (ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ) ഈ നിയമം വഴി പൗരത്വം നല്‍കും. മുസ്ലിം വിഭാഗം ഇതില്‍ ഉള്‍പ്പെടുന്നില്ല.

1955ലെ പൗരത്വ നിയമത്തിലെ ഭേദഗതിയാണ് സിഎഎ. സിഎഎ പ്രകാരം ആറ് വർഷത്തിനുള്ളില്‍ കുടിയേറ്റക്കാർക്ക് അതിവേഗ ഇന്ത്യൻ പൗരത്വം നല്‍കും.

സിഎഎ ആരെയൊക്കെ ബാധിക്കും

ഇന്ത്യയിലെ ഒരു പൗരനെയും സിഎഎ ബാധിക്കില്ല. അയല്‍രാജ്യങ്ങളായ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രയോജനപ്പെടാൻ വേണ്ടി മാത്രമാണ് ഇത് അവതരിപ്പിച്ചത്.

സിഎഎ പ്രകാരം പൗരത്വം എങ്ങനെ നല്‍കും ?

മുഴുവൻ നടപടിക്രമങ്ങളും ഓണ്‍ലൈന്‍ മുഖേനയാണ്. അപേക്ഷകരുടെ സൗകര്യാർത്ഥം ആഭ്യന്തര മന്ത്രാലയം ഒരു പോർട്ടല്‍ തയ്യാറാക്കിയിട്ടുണ്ട്. അപേക്ഷകർ യാത്രാ രേഖകളില്ലാതെ ഇന്ത്യയില്‍ പ്രവേശിച്ച വർഷം നല്‍കേണ്ടതുണ്ട്. അപേക്ഷകരില്‍ നിന്ന് ഒരു രേഖയും ആവശ്യപ്പെടില്ലെന്നാണ് റിപ്പോര്‍ട്ട്.

എന്തുകൊണ്ട് മൂന്ന് രാജ്യങ്ങള്‍ മാത്രം

ഈ മൂന്ന് രാജ്യങ്ങളിലെയും പ്രസ്തുത ന്യൂനപക്ഷ വിഭാഗങ്ങള്‍ നേരിടുന്ന മതപരമായ വിവേചനമാണ് ഇതിനു കാരണം.

എന്താണ് എന്‍ആര്‍സി ?

പൗരന്‍മാരുടെ പേര്, ജനന-പൗരത്വവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഡിജിറ്റല്‍ രജിസ്റ്ററാണ് നാഷണല്‍ രജിസ്റ്റർ ഓഫ് സിറ്റിസണ്‍സ് (എന്‍ആര്‍സി). 1951ലാണ് ഇത് വന്നത്. ഡെപ്യൂട്ടി കമ്മീഷണർമാരുടെയും സബ് ഡിവിഷണല്‍ ഓഫീസർമാരുടെയും അഡ്മിനിസ്ട്രേറ്റീവ് മേഖലകളില്‍ ഇതിന് വളരെ പ്രാധാന്യമുണ്ട്.

നിലവില്‍, 1951-ലെ എൻആർസി പരിഷ്കരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പ്രത്യേകിച്ചും അനധികൃത കുടിയേറ്റത്തില്‍ നിന്നുള്ള വെല്ലുവിളികള്‍ നേരിടുന്ന ആസാമില്‍. അനധികൃത കുടിയേറ്റങ്ങള്‍ തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍ സിഎഎയ്ക്കും എന്‍ആര്‍സിക്കും ബന്ധമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *