കോഴിക്കോട്: ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എട്ടു ദിവസമായി തുടരുന്ന പി.ജി. ഡോക്ടര്‍മാരുടെ സമരം കൂടുതല്‍ ശക്തമാവുന്നു. വെള്ളിയാഴ്ച മുതല്‍ അത്യാഹിത വിഭാഗങ്ങള്‍ കൂടി ബഹിഷ്ക്കരിക്കുമെന്ന് മെഡിക്കല്‍ പി.ജി ഡോക്ടേഴ്സ് അസോസിയേഷന് കോഴിക്കോട് ചാപ്റ്റര്‍ സെക്രട്ടറി കെ.വി. അമൃത അറിയിച്ചു. ഇത് സംബന്ധിച്ച നോട്ടീസ് പ്രിന്‍സിപ്പലിന് നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
തുടര്‍ സമരങ്ങള്‍ തീരുമാനിക്കാനുള്ള അസോസിയേഷെന്റ സംസ്ഥാന കമ്മിറ്റി യോഗം തിരുവനന്തപുരത്ത് ചേരുന്നുമുണ്ട്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സൂപ്പര്‍ സ്പെഷാലിറ്റിയിലെ അക്കാദമിക് സീനിയര്‍ റസിഡന്റ് ഡോക്ടര്‍മാരും വെള്ളിയാഴ്ച മുതല്‍ ജോലി ബഹിഷ്കരിക്കും. അത്യാഹിത വിഭാഗവും ഐ.സി.യുവും ബുധനാഴ്ച മുതല്‍ ബഹിഷ്കരിക്കുമെന്ന് പി.ജി ഡോക്ടര്‍മാര്‍ നേരത്തെ അറിയിച്ചിരുന്നെങ്കിലും ആരോഗ്യ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം പിന്‍വലിച്ചത്. എന്നാല്‍, രണ്ടു ദിവസത്തിനുള്ളില്‍ ജൂനിയര്‍ റസിഡന്റ് ഡോക്ടര്‍മാരെ ജോലിക്ക് നിയമിക്കാമെന്ന മന്ത്രിയുടെ ഉറപ്പ് വാക്കാല്‍ പോരെന്നും രേഖാമൂലം വേണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഇത് ലഭിക്കാഞ്ഞതാണ് ഇപ്പോഴത്തെ തീരുമാനത്തിന് കാരണം.
നിലവില്‍ ഒ.പികള്‍, ഓപറേഷന് തിയറ്റര്‍, വാര്‍ഡ് എന്നിവയാണ് ഡോക്ടര്‍മാര്‍ ബഹിഷ്ക്കരിക്കുന്നത്. ജോലി ഭാരം താങ്ങാവുന്നതിലും അധികമായാല്‍ സമരത്തിനിറങ്ങുമെന്നാണ് ഹൗസ് സര്ജന്മാരുടെ നിലപാട്. തീയതികള്‍ ഉറപ്പിച്ച പല ഓപറേഷനുകളും എട്ടു ദിവസമായി മുടങ്ങുന്നുണ്ട്. അടിയന്തരമായി ചെയ്യേണ്ട ഓപറേഷനുകള്‍ മാത്രമാണ് നടക്കുന്നത്. ഒ.പികളില്‍നിന്ന് നേരിട്ട് വാര്‍ഡുകളിലേക്ക് രോഗികളെ അഡ്മിറ്റ് ചെയ്യാതെയായി. അത്യാഹിത വിഭാഗത്തില്‍ നിന്ന് മാത്രമാണ് വാര്‍ഡുകളിലേക്ക് പൂര്‍ണമായി അഡ്മിഷന് നടക്കുന്നത്. ജില്ലക്ക് പുറത്തു നിന്നെത്തുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. വാര്‍ഡുകളില്‍ നിന്ന് ഗുരുതര രോഗമില്ലാത്തവരെ ഡോക്ടര്‍മാര്‍ തന്നെ ഡിസ്ചാര്‍ജ് കൊടുത്ത് പറഞ്ഞയക്കുന്നുണ്ട്. അത്യാഹിത വിഭാഗങ്ങള്‍ കൂടി ഡോക്ടര്‍മാര്‍ ബഹിഷ്ക്കരിക്കുന്നതോടെ വലിയ പ്രതിസന്ധിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഹൗസ് സര്ജന്മാരും സീനിയര്‍ റസിഡന്റ് ഡോക്ടര്‍മാരും കൂടി സമരത്തിലേക്ക് പോയാല്‍ മുതിര്‍ന്ന ഡോക്ടര്‍മാര്‍ മാത്രമെ പിന്നീട് ജോലിക്കുണ്ടാവൂ.
അത് ആശുപത്രിയിലെ മുഴുവന്‍ ചികിത്സ സംവിധാനങ്ങളും അവതാളത്തിലാക്കും. ഹൗസ് സര്ജന്മാര് ജോലിക്കെത്തിയില്ലെങ്കില്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുക വാര്ഡുകളെയാവും. സമരം വെള്ളിയാഴ്ച ഒമ്ബതാം ദിവസത്തിലേക്ക് കടക്കും.പുതിയ ബാച്ചിെന്റ കൗണ്‍സലിങ് നീളുന്നതോടെ ഡോക്ടര്‍മാരുടെ കുറവ് ആശുപത്രി പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതിനാലും ആറുമാസത്തിലേറെയായിട്ടും പരീക്ഷകള്‍ നടക്കാത്തതിലും പ്രതിഷേധിച്ച് ഫെഡറേഷന് ഓഫ് ഓള് ഇന്ത്യ മെഡിക്കല്‍ അസോസിയേഷന് കീഴില്‍ രാജ്യത്തൊട്ടാകെ മെഡിക്കല്‍ പി.ജി ഡോക്ടര്‍മാര്‍ സമരത്തിലാണ്.