കഞ്ചാവ് ഉപയോഗിക്കുന്നത് ലക്സംബർഗ്ഗിൽ ഇനി കുറ്റമല്ല. വിനോദത്തിനായി പൊതു ഇടങ്ങളില്‍ കഞ്ചാവ് ഉപയോഗിക്കുന്നത് നിയമാനുസൃതമാക്കുന്ന ആദ്യ യൂറോപ്യൻ രാജ്യമാണ് ലക്സംബർഗ്ഗ്.
ഇനി മുതൽ, 18 നും അതിനുമുകളിലും പ്രായമുള്ള ആളുകൾക്ക് ഒരു വീട്ടിൽ പരമാവധി നാല് കഞ്ചാവ് ചെടികൾ വളർത്താൻ അനുവാദം നൽകുമെന്നും സർക്കാർ പ്രഖ്യാപിച്ചു. വീട്ടിൽ കഞ്ചാവ് വളർത്താൻ പ്രദേശവാസികൾ അവരുടെ വീടിന്റെ അതിർത്തി തന്നെ തെരഞ്ഞെടുക്കണം.
വീടിനകത്ത്, പുറം, ബാൽക്കണി, ടെറസ് അല്ലെങ്കിൽ പൂന്തോട്ടം എന്നിവയാണ് ഇതിനായി ഉപയോഗിക്കേണ്ടതെന്നും സർക്കാർ കുറിപ്പിൽ പറയുന്നു. പൊതു ഇടങ്ങളിൽ കഞ്ചാവ് വളർത്താൻ ആരെയും അനുവദിക്കില്ല.
3 ഗ്രാം കഞ്ചാവ് കൈവശം വയ്‌ക്കുന്നത് ഇനി ക്രിമിനൽ കുറ്റമായി കണക്കാക്കില്ല. മൂന്ന് ഗ്രാമിന് മുകളിൽ കഞ്ചാവ് കൈവശം വച്ചാൽ അവരെ ഡീലറായി കണക്കാക്കുമെന്ന് നീതിന്യായ മന്ത്രി സാം ടാംസൺ പറഞ്ഞു.
ആളുകൾക്ക് കടകളിൽ നിന്ന് വിത്ത് വാങ്ങാം. അവ ഇറക്കുമതി ചെയ്യുകയോ ഓൺലൈനിൽ വാങ്ങുകയോ ചെയ്യാം. എന്നാൽ, വളർന്ന സസ്യങ്ങൾ വിൽക്കാൻ ഇതുവരെ അനുമതി നൽകിയിട്ടില്ല. വലിയ തോതിലുള്ള ഉൽപാദന ശൃംഖല രാജ്യത്ത് അനുവദിച്ചിട്ടില്ല.
മുമ്പ് കഞ്ചാവ് ഉപയോഗിക്കുന്നത് നിരോധിക്കാൻ സർക്കാർ ശ്രമിച്ചിരുന്നുവെങ്കിലും അതിൽ പരാജയപ്പെട്ടു. എന്നാൽ പുതിയ രീതി, കാഴ്ചപ്പാടിൽ മാറ്റം കൊണ്ടുവരുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു, പൗരന്മാർ കഞ്ചാവ് ഉചിതമായ രീതിയിൽ ഉപയോഗിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.