സൂരജിന് വധശിക്ഷ ഒഴിവായത് പ്രായത്തിന്‍റെ ആനുകൂല്യത്തില്‍, ശിഷ്ടകാലം മുഴുവന്‍ ജയിലില്‍ തന്നെ

October 13, 2021
226
Views

കൊല്ലം: ഉത്ര വധക്കേസില്‍ പ്രതി സൂരജിന് വധശിക്ഷ ലഭിക്കാതിരുന്നത് പ്രായത്തിന്‍റെ ആനുകൂല്യം പരിഗ‍്യണിച്ച്‌. രാജ്യത്ത് തന്നെ ഇത്തരത്തില്‍ ഒരു കേസ് ഉണ്ടായിട്ടില്ലെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി തന്നെ വിശേഷിപ്പിച്ചപ്പോഴും പ്രതി സൂരജിന് വധശിക്ഷ ലഭിക്കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പ്രതിയുടെ പ്രായം തൂക്കുകയറില്‍ നിന്ന് രക്ഷിക്കുകയായിരുന്നു.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു കേസാണ് ഇതെന്ന് കോടതി അംഗീകരിച്ചെങ്കിലും പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് കോടതി നിരീക്ഷിച്ചു. 27 വയസ്സാണ് പ്രായം. പ്രതിക്ക് മാനസാന്തരമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കിയതായി പ്രോസിക്യൂഷന്‍ പറഞ്ഞു.

17 വര്‍ഷത്തെ തടവിനുശേഷം ഇരട്ട ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയുമാണ് കോടതി സൂരജിന് ശിക്ഷ വിധിച്ചത്. ആദ്യം പത്ത് വര്‍ഷം, പിന്നെ ഏഴു വര്‍ഷം ശിക്ഷ അനുഭവിച്ചതിനുശേഷം ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കണം എന്നാണ് കോടതി വിധിച്ചിട്ടുള്ളത്. ഇതനുസരിച്ച്‌ ആയുഷ്ക്കാലം മുഴുവന്‍ പ്രതി ജയിലില്‍ കഴിയേണ്ടി വരുമെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

302-ാം വകുപ്പ് പ്രകാരം ആസൂത്രിത കൊലപാതകത്തിന് ജീവപര്യന്തവും 307-ാം വകുപ്പ് പ്രകാരം കൊലപാതകശ്രമത്തിന് മറ്റൊരു ജീവപര്യന്തം. 328ാം വകുപ്പ് പ്രകാരം വിഷം നല്‍കി പരിക്കേല്‍പ്പിക്കലിന് പരാമാധി ശിക്ഷയായ പത്ത് വര്‍ഷം തടവ്, 201 -ാം വകുപ്പ് പ്രകാരം തെളിവുനശിപ്പിക്കലിന് ഏഴ് വര്‍ഷം തടവ് എന്നിങ്ങനെയാണ് കോടതി വിധിച്ചത്. വിധിയുടെ പകര്‍പ്പ് ലഭിച്ചതിനുശേഷം സര്‍ക്കാരുമായി ആലോചിച്ച്‌ അപ്പീല്‍ പോകണോ വേണ്ടയോ എന്നത് തീരുമാനിക്കുമെന്ന് പ്രോസിക്യൂഷന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *