കൊച്ചി: കിഫ്ബി മസാലബോണ്ട് കേസില്‍ മുന്‍മന്ത്രി തോമസ് ഐസക്കിനെതിരെ ഇഡി നല്കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ത്ഥിയായ തോമസ് ഐസക്കിനെ, തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിളിക്കരുതെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് ഇഡി ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിട്ടുള്ളത്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തോമസ് ഐസക് സ്ഥാനാര്‍ത്ഥിയാണെന്നും തെരഞ്ഞെടുപ്പിന്റെ ഈ വേളയില്‍ സ്ഥാനാര്‍ത്ഥിയെ ശല്യം ചെയ്യേണ്ടതില്ലെന്നുമായിരുന്നു ജസ്റ്റിസ് ടി ആര് രവി വ്യക്തമാക്കിയത്. എന്നാല്‍ കിഫ്ബി കേസില്‍ ഇ ഡി കൈമാറിയ ഫയലുകള്‍ പരിശോധിച്ചതില്‍നിന്ന് ചില കാര്യങ്ങളെക്കുറിച്ച് സംശയമുണ്ട്. ഇതില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു.മസാല ബോണ്ടുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യാന്‍ ഇഡി നിരന്തരം സമന്‍സ് അയയ്ക്കുന്നതിനെതിരെ മുന്‍മന്ത്രി തോമസ് ഐസക്കും കിഫ്ബിയും നല്കിയ ഹര്‍ജികളിലായിരുന്നു കോടതി നിര്‍ദ്ദേശം. വിശദീകരണം തേടുന്നതിന് നേരിട്ടു ഹാജരാകണോ രേഖാമൂലം മതിയോ എന്നതും പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. ഹര്‍ജികള്‍ മേയ് 22നു വീണ്ടും പരിഗണിക്കാനിരിക്കെയാണ് ഇഡി അപ്പീല്‍ നല്‍കിയത്. തോമസ് ഐസക്ക് ചോദ്യം ചെയ്യലിന് ഹാജരാകാതെ നിരന്തരം ഒഴിഞ്ഞുമാറുകയാണെന്നാണ് ഇഡിയുടെ വിശദീകരണം.