കെ സുധാകരന് നിര്‍ണായകം; ഇപി ജയരാജനെ വെടിവച്ച്‌ കൊല്ലാൻ ശ്രമിച്ചെന്ന കേസ്; ഹര്‍ജിയില്‍ ഇന്ന് വിധി

May 21, 2024
27
Views

കൊച്ചി: എല്‍ഡിഎഫ് കണ്‍വീനർ ഇപി ജയരാജനെ വെടിവച്ച്‌ കൊല്ലാൻ ശ്രമിച്ചെന്ന കേസില്‍ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നല്‍കിയ ഹർജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.

കേസിലെ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശൻ, വിക്രംചാലില്‍ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചിരുന്നു. എന്നാല്‍ മേല്‍ക്കോടതി ഇരുവരേയും കുറ്റവിമുക്തരാക്കി.

ഇക്കാര്യം ചൂണ്ടിക്കാട്ടി തന്നെയും കുറ്റവിമുക്തനാക്കണമെന്നു ആവശ്യപ്പെട്ട് കെ സുധാകരൻ തിരുവനന്തപുരം അഡീഷണല്‍ സെഷൻസ് കോടതിയെ സമീപിച്ചു. എന്നാല്‍ സുധാകരനെതിരെ ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്നു ചൂണ്ടിക്കാട്ടി ഹർജി വിചാരണ കോടതി തള്ളി. തുടർന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.

1995 ഏപ്രില്‍ 12നാണ് കേസിനാസ്പദമായ സംഭവം. ചണ്ഡീഗഢില്‍ നിന്നു സിപിഎം പാർട്ടി കോണ്‍ഗ്രസ് കഴിഞ്ഞു കേരളത്തിലേക്ക് മടങ്ങവെ ട്രെയിനില്‍ വച്ച്‌ ജയരാജനു നേരെ അക്രമി സംഘം വെടിയുതിർക്കുകയായിരുന്നു. ജയരാജനെ കൊല്ലാൻ മറ്റ് പ്രതികള്‍ക്കൊപ്പം ഗൂഢാലോചന നടത്തിയെന്നും കൃത്യം നടത്താൻ എല്‍പ്പിച്ചത് സുധാകരനാണെന്നും കുറ്റപത്രത്തിലുണ്ട്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *