വണ്ടിപ്പെരിയാര്‍ കേസ് അന്വേഷിച്ച പോലീസുദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്ത് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
തൊടുപുഴ: വണ്ടിപ്പെരിയാര്‍ കേസ് അന്വേഷിച്ച പോലീസുദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്ത് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
വാഴക്കുളം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ടി.ഡി സുനില്‍ കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോടതി പ്രതികൂല പരാമര്‍ശം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സുനില്‍ കുമാറിനെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങളില്‍ അന്വേഷണം നടത്താന്‍ എറണാകുളം റൂറല്‍ അഡീഷണല്‍ പോലീസ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രണ്ടുമാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.
2021 ജൂണ്‍ 30-നാണ് ചുരുക്കുളം എസ്റ്റേറ്റിലെ മുറിക്കുള്ളില്‍ ആറുവയസ്സുകാരിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി ലൈംഗികപീഡനത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ വ്യക്തമായതിനെ തുടര്‍ന്ന് പോലീസ് സംഘം വിശദമായ അന്വേഷണം നടത്തുകയും സമീപവാസികൂടിയായ അർജുനെ പിടികൂടുകയുമായിരുന്നു.പ്രതിക്കെതിരേ ചുമത്തിയ കൊലപാതകം, ബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന കണ്ടെത്തലിനെ തുടർന്ന് കേസില്‍ പ്രതിയെ കോടതി വെറുതെ വിട്ടിരുന്നു. സംഭവത്തില്‍ പോലീസിനും സർക്കാരിനുമെതിരേ വലിയ പ്രതിഷേധം ഉയർന്നിരുന്നു.