കണ്ണൂര്‍: സമീപദിവസങ്ങളില്‍ ഏറെ ചര്‍ച്ചയായ ഇ ബുള്‍ജെറ്റ് വിവാദത്തില്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രകോപനപരമായ പോസ്‌റ്റിട്ടവരും കുടുങ്ങും. ഇ ബുള്‍ജെറ്റ് സഹോദരങ്ങളെ അറസ്‌റ്റ് ചെയ്ത സമയത്ത് പ്രകോപന പോസ്‌റ്റിട്ടവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളെ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കണ്ണൂര്‍ സൈബര്‍ പൊലീസ് കേസെടുത്തത്. ഇത്തരത്തില്‍ പോസ്‌റ്റുകള്‍ പ്രത്യക്ഷപ്പെട്ട അക്കൗണ്ടുകള്‍ നിരീക്ഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. പ്രകോപനപരമായ വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെയും നടപടിയുണ്ടാകും.
കലാപത്തിന് ആഹ്വാനം ചെയ്തതിന് കൊല്ലത്തും ആലപ്പുഴയിലും വ്ലോഗേഴ്സിന്റെ രണ്ട് കൂട്ടാളികള്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. കണ്ണൂര്‍ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിന് മുന്നില്‍ കൊവിഡ് മാനദണ്ഡം ലംഘിച്ച് തടിച്ചുകൂടിയതിന് ഇവരുടെ 17 കൂട്ടാളികള്‍ക്കെതിരെയും കേസെടുത്തിരുന്നു. ആസൂത്രണത്തോടെയുള്ള വേട്ടയാടലാണ് തങ്ങള്‍ക്ക് നേരെ നടക്കുന്നതെന്ന് ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ ആരോപിച്ചിരുന്നു. ചില മാഫിയകള്‍ ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കിയാണ് തങ്ങളെ കുടുക്കിയത്.
അറിവില്ലായ്മയെ ചൂഷണം ചെയ്യ്തിട്ടാണ് നിയമ സംവിധാനങ്ങള്‍ തങ്ങളെ ക്രൂശിക്കുന്നതെന്നും ഇവര്‍ ആരോപിച്ചിരുന്നു. കഞ്ചാവിനെതിരെ പ്രചാരണം നടത്തിയ തങ്ങളെ കഞ്ചാവ് സംഘമായി പൊലീസ് പ്രചരിപ്പിക്കുന്നു. കെട്ടിച്ചമച്ച തെളിവുണ്ടാക്കാന്‍ അന്വേഷണ സംഘം ശ്രമിക്കുന്നു. പാറിപ്പറന്ന് നടന്ന കിളികളെ കൂട്ടിലടച്ച അവസ്ഥയാണ് ഇപ്പോഴുള്ളത്.
തങ്ങള്‍ക്ക് പതിനെട്ട് ലക്ഷം പേരുടെ പിന്തുണയുണ്ട്, പിന്നോട്ട് പോകില്ലെന്നുമാണ് യൂട്യൂബ് വ്ലോഗിലൂടെയുള്ള ലിബിന്റെയും എബിന്റെയും പ്രതികരണം. അതേസമയം ഇരിട്ടി കിളിയന്തറ സ്വദേശികളായ ഇരുവരുടെയും ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി 24ന് വിശദമായി വാദം കേള്‍ക്കും. ആരാധകരുടെ നിയമവിരുദ്ധ കമന്റുകള്‍ പരിശോധിക്കുമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ അറിയിച്ചിരുന്നു.
അസഭ്യം പ്രചരിപ്പിച്ച കുട്ടികള്‍ക്കെതിരെയും നടപടിയുണ്ടാകും. ആര്‍.ടി ഓഫീസില്‍ കയറി സംഘര്‍ഷമുണ്ടാക്കിയ വ്ലോഗര്‍മാരെ പൊലീസ് അറസ്‌റ്റ് ചെയ്തെങ്കിലും ഇവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. വാഹനം രൂപമാറ്റം വരുത്തിയതുമായി ബന്ധപ്പെട്ട് ഇവരുടെ വാന്‍ കണ്ണൂര്‍ ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്.