സോളാര്‍ കേസില്‍ എപി അബ്ദുല്ലക്കുട്ടിയും ഉമ്മന്‍ചാണ്ടിയുമടക്കം ആറ് പ്രതികള്‍; സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

August 17, 2021
203
Views

തിരുവനന്തപുരം: സോളാര്‍ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ എഫ് ഐ ആര്‍ സമര്‍പ്പിച്ച്‌ സി ബി ഐ. സോളാര്‍ കേസിലെ പ്രതികൂടിയായ യുവതി നല്‍കിയ പീഡന പരാതിയിലാണ് തിരുവനന്തപുരം യൂണിറ്റ് പ്രത്യേക സി ബി ഐ കോടതിയില്‍ എഫ് ഐ ആര്‍ സമര്‍പ്പിച്ചത്. ഉമ്മന്‍ ചാണ്ടിക്ക് പുറമേ കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ പി അബ്ദുള്ളക്കുട്ടി, എ പി അനില്‍കുമാര്‍ എന്നിങ്ങനെ ആറ് പേര്‍ക്കെതിരെയാണ് സ്ത്രീപീഡനം, സാമ്ബത്തിക തട്ടിപ്പ് എന്നീ വകുപ്പുകള്‍ ചുമത്തി എഫ് ഐ ആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.

നാലുവര്‍ഷത്തോളം പീഡന പരാതിയില്‍ കേരള പൊലീസ് അന്വേഷണം നടത്തിയെങ്കിലും ആര്‍ക്കെതിരെയും തെളിവ് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതേത്തുടര്‍ന്നാണ് കേസ് സി ബി ഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് പരാതിക്കാരി സര്‍ക്കാരിനെ സമീപിച്ചത്. കേസിന്‍റെ വിശദാംശങ്ങള്‍ പരാതിക്കാരി സി ബി ഐയുടെ ഡല്‍ഹി ആസ്ഥാനത്തെത്തിയും കൈമാറിയിരുന്നു.

2012 ഓഗസ്റ്റ് 19-ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വച്ച്‌ ഉമ്മന്‍ചാണ്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരി മൊഴിനല്‍കിയത്. എന്നാല്‍ സംസ്ഥാനസര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിന് പരാതിക്കാരി ക്ലിഫ് ഹൗസില്‍ പോയതിന് ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞില്ല. ക്ലിഫ് ഹൗസില്‍ അന്നേ ദിവസം ജോലിക്കുണ്ടായിരുന്ന പൊലീസുകാര്‍, പേഴ്സണല്‍ സ്റ്റാഫ് എന്നിവരുടെ മൊഴിയെടുത്തായിരുന്നു അന്വേഷണം. ഇക്കാര്യത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടും അന്വേഷണ സംഘം സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. പീഡനക്കേസ് സി ബി ഐയ്ക്ക് വിട്ട സര്‍ക്കാരിനെ ശരിക്കും വെട്ടിലാക്കുന്നതായിരുന്നു അന്വേഷണ സംഘത്തിന്റെ ഈ റിപ്പോര്‍ട്ട്.

Article Categories:
Kerala · Latest News · Politics

Leave a Reply

Your email address will not be published. Required fields are marked *