എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ ബംഗാളില്‍ സിബിഐ റെയ്ഡ്.
കൊല്‍ക്കത്ത: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ ബംഗാളില്‍ സിബിഐ റെയ്ഡ്. ബംഗാളിലെ നഗര വികസന മന്ത്രി ഫിര്‍ഹാദ് ഹക്കീമിന്റെ ചെട്ലയിലെ വീട്ടിലാണ് സിബിഐ പരിശോധന.
മന്ത്രി ഫിര്‍ഹാദ് ഹക്കിം, മുന്‍മന്ത്രി മദന്‍ മിത്ര എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് പുരോഗമിക്കുന്നത്. മുനിസിപ്പാലിറ്റി നിയമന ക്രമക്കേട് കേസിലാണ് സിബിഐ നടപടി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഗ്രൂപ്പ് ഡി ഗ്രൂപ്പ് സി തസ്തികകളിലെ നിയമന ക്രമക്കേട് കേസിലാണ് നടപടി.കേസില്‍ അന്വേഷണം തുടരാമെന്ന കല്‍ക്കട്ട ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് ആണ് പരിശോധന. സിബിഐ എത്തിയതിന് പിന്നാലെ മന്ത്രിയുടെ വീട്ടിലെ പുറത്ത് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടിച്ചുകൂടി.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചു.
കമര്‍ഹട്ടിയില്‍ നിന്നുള്ള എംഎല്‍എയും മുന്‍മന്ത്രിയുമായ മദന്‍ മിത്രയുടെ വസതിയിലും റെയ്ഡ് പുരോഗമിക്കുകയാണ്.ഇതേ ക്രമക്കേട് കേസില്‍ ബംഗാള്‍ മന്ത്രി രതിന്‍ ഘോഷിന്റെ വസതിയിലും സ്ഥാപനങ്ങളിലും ഇ ഡി റെയ്ഡിന് പിന്നാലെയാണ് സിബിഐ നടപടി. നാരദ സ്റ്റിങ് ഓപ്പറേഷന്‍ കേസില്‍ 2021 ല്‍ ഫിര്‍ഹാദ് ഹക്കിം മദന്‍ മിത്ര എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.