ന്യൂഡൽഹി : ആരോഗ്യ പരിരക്ഷാ പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പാക്കുന്നതിനായി മുൻഗണനാ വിഭാഗം റേഷൻ കാർഡ് ഉടമകളുടെ വിവരങ്ങളും ആധാർ നമ്പറും എല്ലാ സംസ്ഥാനങ്ങളും നൽകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.
ഒരു കുടുംബത്തിന് 5 ലക്ഷം രൂപവരെ ആരോഗ്യ പരിരക്ഷ നൽകുന്ന ആയുഷ്മാൻ
ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതിയിൽ (പിഎം–ജെഎവൈ) അർഹരായവരുടെ പട്ടിക തയാറാക്കുന്നതിനു വേണ്ടിയാണിത്.
ദേശീയ ഹെൽത്ത് അതോറിറ്റിക്കാണ് പദ്ധതി നടപ്പാക്കാനുള്ള ചുമതല. 2011ലെ സാമൂഹിക, സാമ്പത്തിക ജാതി സർവേ അനുസരിച്ചാണ് 10.74 കോടി ഗുണഭോക്താക്കളെ കണ്ടെത്തിയത്. എന്നാൽ സർവേ
വിവരങ്ങളിലെ കുറവുകൾ മൂലം ഗുണഭോക്തൃ പട്ടിക കൃത്യമാക്കാൻ കഴിയുന്നില്ലെന്നാണ് കേന്ദ്രത്തിന്റെ വാദം. ഇതേ ഗുണഭോക്താക്കൾ ഭക്ഷ്യ ഭദ്രതാ നിയമം അനുസരിച്ച് റേഷൻ മുൻഗണനാ വിഭാഗത്തിൽ
വരുന്നതിനാലാണ് റേഷൻ വിവരങ്ങൾ സംസ്ഥാനങ്ങളോടു തേടുന്നത്.
ഇരു ഡേറ്റാബേസുകളും ബന്ധിപ്പിക്കുന്നതോടെ റേഷൻ കാർഡ് ഉപയോഗിച്ച് റേഷൻ കാർഡ് വഴി പിഎം–ജെഎവൈ പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനാവുമെന്നാണ് ദേശീയ ഹെൽത്ത് അതോറിറ്റിയുടെ വാദം. ഒപ്പം ഗുണഭോക്തൃ പട്ടിക പുതുക്കാനുമാകും. വിവിധ സംസ്ഥാനങ്ങളുടെ
ഡേറ്റ കൃത്യമായി ക്രോഡീകരിക്കുന്നതിനാണ് റേഷൻ കാർഡുമായി ബന്ധിപ്പിച്ചിരിക്കുന്ന ആധാർ നമ്പറും ആവശ്യപ്പെട്ടിരിക്കുന്നത്. ജനുവരി ആറിനാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് കത്തയച്ചത്.
സ്വകാര്യതയടക്കമുള്ള പ്രശ്നങ്ങളുള്ളതിനാൽ പല സംസ്ഥാനങ്ങളും ഇതിനോടു മുഖം തിരിച്ചുവെന്ന വാദം ആരോഗ്യമന്ത്രാലയം തള്ളി.