ന്യൂ ഡെൽഹി: കർഷകർക്ക് സഹായകരമാകുന്ന തരത്തിൽ ജലവിതരണം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് രാജ്യത്തെ അഞ്ച് നദികൾ ബന്ധിപ്പിക്കാനുള്ള നടപടികളുമായി കേന്ദ്രസർക്കാർ. കേന്ദ്ര ബജറ്റ് 2022 ൽ ധനമന്ത്രി നിർമല സീതാരാമൻ പദ്ധതിയെ കുറിച്ച് വ്യക്തമാക്കിയത്.
എന്നാൽ ഈ വിഷയത്തിൽ തിടുക്കപ്പെട്ട് തീരുമാനമുണ്ടാകില്ല. സംസ്ഥാനങ്ങൾ തമ്മിൽ ധാരണയിലെത്തിയാൽ പദ്ധതി തുടങ്ങുമെന്നാണ് ധനമന്ത്രി വ്യക്തമാക്കിയത്.
അഞ്ച് നദീസംയോജന പദ്ധതിക്ക് വേണ്ടി കേന്ദ്ര ബജറ്റിൽ 46605 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ദമൻ ഗംഗ – പിജ്ഞാൾ, തപി – നർമദ, ഗോദാവരി – കൃഷ്ണ, കൃഷ്ണ – പെന്നാർ, പെന്നാർ – കാവേരി നദികൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനാണ് പണം നീക്കിവെച്ചിരിക്കുന്നത്.
എന്നാൽ നദികളിലെ ജല ഉപഭോഗവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളുടെ കൂടെ താത്പര്യം മുൻനിർത്തിയാവും തീരുമാനം. പദ്ധതി ഒൻപത് ലക്ഷത്തോളം കർഷകർക്ക് ഉപകാരപ്പെടുമെന്നാണ് കേന്ദ്ര ധനമന്ത്രിയുടെ വാദം.