എന്റെ അപ്പനെ കൊന്നത് മാത്രമല്ല അയാള്‍ പലതും ചെയ്തിട്ടുണ്ട്’; സിനിമ ജനങ്ങളിലേക്കെത്തണമെന്ന് ചാക്കോയുടെ മകന്‍

November 5, 2021
207
Views

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ വേഷത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്ന ‘കുറുപ്പി’ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഒരാളെ പച്ചക്ക് ചുട്ടെരിച്ച കൊലപാതകിയെ മഹത്വവല്‍ക്കരിക്കാന്‍ ടീസറും സിനിമയുടെ പ്രമോഷന് വേണ്ടി പുറത്തിറക്കിയ ടീഷര്‍ട്ടും പോസ്റ്ററുമെല്ലാം ശ്രമിക്കുന്നുവെന്നായിരുന്നു വിമര്‍ശനം. സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയുടെ മകന്‍ ജിതിന്‍ സിനിമയെ വിമര്‍ശിക്കുകയും കുറുപ്പിനെ ഗ്ലോറിഫൈ ചെയ്യുന്നതിന് നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയും ചെയ്തിരുന്നു. കുറുപ്പ് സിനിമ കണ്ടതായും തന്റെ അപ്പനെ കൊന്നതിനപ്പുറം നിരവധി ക്രൂരതകള്‍ കുറുപ്പ് ചെയ്തതായി മനസിലായെന്നും ജിതിന്‍ ചാക്കോ  പറഞ്ഞു.

ജിതിന്റെ വാക്കുകള്‍:

‘സുകുമാരക്കുറുപ്പ് എന്നായാള്‍ ചെയ്തതായി എനിക്കുള്‍പ്പടെയുള്ളവര്‍ക്ക് അറിയാവുന്നത് ഇന്‍ഷുറന്‍സിന് വേണ്ടി എന്റെ അപ്പനെ കൊലപ്പെടുത്തി എന്നതാണ്. ഇത് എനിക്ക് പത്രങ്ങളില്‍ നിന്നെല്ലാം വായിച്ചിട്ടുള്ള അറിവാണ്. അല്ലാതെ ഈ വിഷയത്തെ കുറിച്ച് അമ്മയുമായി സംസാരിക്കാറൊന്നുമില്ല. അതുകൊണ്ട് ഓര്‍മ്മവെച്ച നാള്‍ തൊട്ടെ പത്രങ്ങളിലും മാഗസിനുകളിലും വന്ന കാര്യങ്ങള്‍ വെച്ചാണ് ഇതേ കുറിച്ച് എനിക്ക് അറിവുള്ളത്. പക്ഷെ സിനിമ കണ്ടപ്പോഴാണ് എന്റെ അപ്പനെ കൊന്നത് മാത്രമല്ല അതിന് അപ്പുറത്തേക്ക് ഒരുപാട് കാര്യങ്ങള്‍ സുകുമാരക്കുറുപ്പ് ചെയ്തിട്ടുണ്ടെന്ന് എനിക്ക് മനസിലായത്ആദ്യം മുതല്‍ ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാക്കളും ഞങ്ങളെ വിളിച്ച് ഒരിക്കലും സുകുമാരക്കുറുപ്പിനെ ഗ്ലോറിഫൈ ചെയ്യുന്ന നീതികേട് ചെയ്യില്ലെന്ന് പറഞ്ഞിരുന്നു. അത് ഞങ്ങളെ ബോധ്യപ്പെടുത്താന്‍ വേണ്ടി സിനിമ കാണിക്കാമെന്ന് പറഞ്ഞു. അങ്ങനെയാണ് കുറുപ്പ് എന്ന സിനിമ ഞാന്‍ കാണുന്നത്. ആദ്യം അവര്‍ വിളിച്ച സമയത്ത് സിനിമ പൂര്‍ത്തിയായിരുന്നില്ല. അങ്ങനെ എഡിറ്റിങ്ങ് മുഴുവന്‍ പൂര്‍ത്തിയവുന്നതിന് മുമ്പ് കഥയെന്താണെന്നത് കാണിച്ചു തന്നു. പിന്നീട് സിനിമ മുഴുവന്‍ പൂര്‍ത്തിയായപ്പോള്‍ വീണ്ടും എറണാകുളത്ത് പോയി കണ്ടു. ഞാന്‍ മാത്രമാണ് സിനിമ കണ്ടത്. അമ്മ വീണ്ടും അതെല്ലാം കാണാന്‍ മാനസികമായി തയ്യാറല്ലായിരുന്നു. അവർ വളരെ മാന്യമായ രീതിയില്‍ തന്നെയാണ് അവര്‍ എന്നോട് പെരുമാറിയത്. കണ്ട് കഴിഞ്ഞപ്പോള്‍ ലോകം അറിയേണ്ട ഒരുപാട് കാര്യങ്ങള്‍ ആ സിനിമയില്‍ ഉണ്ടെന്ന് എനിക്ക് മനസിലായി. അതിന് മുമ്പ് ഞങ്ങള്‍ കേസ് കൊടുക്കാന്‍ തീരുമാനിച്ചതായിരുന്നു. എന്നാല്‍ അതിന്റെ ആവശ്യമില്ലെന്ന് ഇപ്പോള്‍ വ്യക്തമായി. ശരിക്കും ഇത് ജനങ്ങള്‍ കാണേണ്ട സിനിമയായാണെന്നാണ് എനിക്ക് തോന്നിയത്.

പിന്നെ സിനിമയെ കുറിച്ച് പറയാന്‍ എനിക്ക് പരിമിതികളുണ്ട്. അത് അവര്‍ സിനിമ കാണിച്ച് തന്നപ്പോള്‍ തന്നെ പറഞ്ഞിരുന്നു. ഒരുപാട് വര്‍ഷങ്ങളെടുത്ത് ചെയ്ത സിനിമയായത് കൊണ്ട് ഒന്നും പുറത്തുവിടരുത് എന്ന് പറഞ്ഞിരുന്നു. പ്രമോഷന് വേണ്ടി കുറുപ്പിന്റെ പേര് ഹൈപ്പ് ചെയ്ത് കാണിക്കുന്നത് കാണുമ്പോള്‍ വിഷമമുണ്ട്. എന്തൊക്കെയായാലും എന്റെ അച്ഛനെ കൊന്ന ആളാണല്ലോ. എന്നാലും അയാള്‍ ചെയ്ത കാര്യങ്ങള്‍ എല്ലാവരും അറിയുമല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ സന്തോഷമാണ്.’

Article Categories:
Entertainments · Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *