അരിക്കൊമ്ബനെ തളച്ച് പെരിയാറിലേയ്ക്ക് മാറ്റി ഒരു ദിവസം തികയും മുന്‍പ് ഇടുക്കി ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം
ഇടുക്കി: അരിക്കൊമ്ബനെ തളച്ച് പെരിയാറിലേയ്ക്ക് മാറ്റി ഒരു ദിവസം തികയും മുന്‍പ് ഇടുക്കി ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം.
ചക്കക്കൊമ്ബന്‍ ഉള്‍പ്പെട്ട കാട്ടാനക്കൂട്ടം ഷെഡ് തകര്‍ത്തു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം.
വിലക്ക് മൗണ്ട് ഫോര്‍ട്ട് സ്കൂളിന് സമീപത്തെ ഷെഡ്ഡാണ് കാട്ടാനക്കൂട്ടം തകര്‍ത്തത്. ചക്കക്കൊമ്ബനും രണ്ട് പിടിയാനകളും രണ്ട് കുട്ടിയാനകളും അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. ഷെഡില്‍ താമസിച്ചിരുന്ന രാജന്‍ ചികിത്സയ്ക്കായി മറ്റൊരു സ്ഥലത്തേയ്ക്ക് പോയിരുന്നതിനാല്‍ ഷെഡില്‍ മറ്റാരും ഉണ്ടായിരുന്നില്ല.
അരിക്കൊമ്ബനെ തളയ്ക്കുന്നതിനുള്ള ദൗത്യം നടന്ന മേഖലയില്‍ രണ്ട് ദിവസമായി ചക്കക്കൊമ്ബനുണ്ടായിരുന്നു. മദപ്പാടിലുള്ള ചക്കക്കൊമ്ബനും സംഘവും ഇന്നലെയും ഷെഡിന് ഭാഗത്തായി ഉണ്ടായിരുന്നതായാണ് വിവരം.
അതേസമയം, അരിക്കൊമ്ബന്‍ പെരിയാര്‍ കടുവാ സങ്കേതത്തിലെ പുതിയ താവളവുമായി ഇണങ്ങിത്തുടങ്ങിയതായി വിവരം. കുമളിയിലെ ജനവാസ മേഖലയില്‍ നിന്ന് 21 കിലോമീറ്റര്‍ ദൂരെയുള്ള സീനിയറോട- മുല്ലക്കുടി മേഖലയില്‍ ആനയെ വിട്ടത് മുതല്‍ റേഡിയോ കോളറില്‍ നിന്നുള്ള സന്ദേശം ലഭിച്ചു തുടങ്ങി.
പെരിയാര്‍ ഡിവിഷനിലുള്ള കണ്‍ട്രോള്‍ റൂമിലും ഉന്നത ഉദ്യോഗസ്ഥരുടെ ഫോണിലും അരിക്കൊമ്ബന്റെ നീക്കങ്ങള്‍ സംബന്ധിച്ച് സന്ദേശം ലഭിക്കുന്നുണ്ട്. 24 മണിക്കൂറും ആനയുടെ നീക്കം നിരീക്ഷിക്കും. വനം വകുപ്പിന്റെ നാല് പേരടങ്ങുന്ന രണ്ട് സംഘവും നിരീക്ഷിക്കുന്നുണ്ട്. ഹെലിക്യാം അടക്കം ഉപയോഗിച്ച് നടത്തുന്ന നിരീക്ഷണത്തില്‍ ആന പകല്‍ കാട്ടില്‍ ആഹാരം കഴിച്ചതായി കണ്ടെത്തി.